ഏകസിവില്‍കോഡ് ഭരണഘടനാവിരുദ്ധം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തിനിയമങ്ങളെ ദുര്‍ബലപ്പെടുത്തി സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് ഭരണഘടനാവിരുദ്ധവും അപ്രായോഗികവുമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.
ഇന്ത്യപോലൊരു ബഹുസ്വരരാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനാവില്ലെന്നും ഇതുസംബന്ധിച്ച നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ബോര്‍ഡ് വക്താവ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏകസിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ കടുംപിടുത്തം തുടരുന്നതിന് പകരം രാജ്യം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയാണ് വേണ്ടത്.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ വിശ്വാസം പിന്തുടര്‍ന്ന് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്.
ഭരണഘടനയുടെ ഈ മൗലികതത്വങ്ങള്‍ക്ക് എതിരാണ് ഒരൊറ്റ സിവില്‍കോഡ് എന്ന ആശയം. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി വര്‍ഗീയതാല്‍പ്പര്യങ്ങള്‍ ലക്ഷ്യംവച്ചാണ് ബി.ജെ.പി ഏകസിവില്‍കോഡ് നടപ്പാക്കാനായി ഇറങ്ങിയിരിക്കുന്നത്. ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ജനസംഖ്യാനിയന്ത്രണ ബില്ലുമായി രണ്ട് ബി.ജെ.പി അംഗങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മഹത്വവും ഭംഗിയും എന്നുപറയുന്നത് വിവിധ മത, സാമുദായിക, സാംസ്‌കാരിക വിഭാഗങ്ങള്‍ അവരുടെ വിശ്വാസവും സംസ്‌കാരവുമായി ജീവിച്ചുപോവുന്നതാണെന്നും അതുനിലനിര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."