വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം: മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു; റോഡില്‍ വള്ളങ്ങളിറക്കിയും വലകെട്ടിയും പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കുന്നു. ഏഴ് കേന്ദ്രങ്ങളില്‍ രാവിലെ എട്ടര മുതലാണ് പ്രതിഷേധം ആരംഭിച്ചത്.വള്ളങ്ങള്‍ കൊണ്ടുവന്നും റോഡില്‍ വലകെട്ടിയുമാണ് പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിനാളുകളാണ് സമരത്തിനെത്തുന്നത്. പ്രയമുള്ള സ്ത്രീകള്‍ വരെ റോഡില്‍ നിരന്നിരിക്കുന്നത് സമരത്തിന്റെ ശക്തമായ കാഴ്ചയാണ്. തിരുവനന്തപുരം ബൈപ്പാസില്‍ ഒമ്പതിടത്തായി റോഡ് ഉപരോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡില്‍ നൃത്തംവെച്ചും പാട്ടുപാടിയും ചെണ്ടമുട്ടിയും സമരക്കാര്‍ രംഗത്തുണ്ട്.
ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ ശക്തമായ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. അതേസമയം, സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി ഉടന്‍ ചര്‍ച്ച നടത്തിയേക്കും.
ആറ്റിങ്ങല്‍, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, പൂവാര്‍, ഉച്ചക്കട, സെക്രട്ടേറിയറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് റോഡുപരോധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും ജില്ലാകലക്ടര്‍ സമരത്തിന് നിരോധനമേര്‍പ്പെടുത്തി. ഇവിടെ മുദ്രാവാക്യം മുഴക്കുന്നതിനും മറ്റ് പ്രകടനങ്ങള്‍ക്കും നിരോധനമുണ്ട്.
തുറമുഖത്തിന് മുന്നിലെ സമരപന്തല്‍ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികള്‍ മുന്നിലുണ്ടങ്കിലും, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീന്‍ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
അതേസമയം, തുറമുഖനിര്‍മാണം വേഗത്തില്‍ പുനരാരംഭിക്കണമെന്നിരിക്കെ സര്‍ക്കാരിന്റെ സമവായ ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന അതിരൂപതയുടെ ആവശ്യത്തില്‍ തട്ടി മുന്‍പ് നടന്നിരുന്ന സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."