HOME
DETAILS

പാഴ്‌വേലയായി മാറിയഎ.െഎ കാമറകൾ

  
backup
October 06 2023 | 17:10 PM

ai-cameras-that-have-gone-to-waste


മനുഷ്യജീവനുകൾ നിരത്തിൽ പൊലിയാതിരിക്കാനാണ് എ.ഐ കാമറകൾ സ്ഥാപിച്ചതെന്ന സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും അനുഭവങ്ങളും. മാത്രമല്ല, കള്ളക്കണക്കുകൾ നിരത്തി ഇതിനെ സാധൂകരിക്കാനും സർക്കാർ ശ്രമം നടത്തിയെന്നത് ഖേദകരം തന്നെയാണ്. സംസ്ഥാനത്തെ റോഡുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത് അഴിമതിയുടെ പുകമറക്കുള്ളിലൂടെയാണ്. ഇതിന് പിന്നിലുയർന്ന കോടികളുടെ അഴിമതി ആരോപണങ്ങൾ പ്രതിഷേധത്തിനും കടുത്ത എതിർപ്പിനും ഇടയാക്കിയെങ്കിലും എതിർവാദങ്ങളും ന്യായങ്ങളും നിരത്തി സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി.

കരാറുകാർക്കും ഇടനിലക്കാർക്കും കോടികൾ പോക്കറ്റിലാക്കാൻ അവസരമുണ്ടായ നിരീക്ഷണ കാമറകൾ ഒരു ജീവനെങ്കിലും രക്ഷിക്കാനിടയാകുമെങ്കിൽ ആകട്ടെയെന്ന് കരുതിയവർ ഏറെയാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ എന്ന് പറഞ്ഞ് നമ്മുടെ പാതയോരങ്ങളിൽ മിഴിതുറന്നുനിന്ന കാമറകൾ ഒരു ജീവനുപോലും കരുതലായിട്ടില്ലെന്നാണ് വർധിച്ച റോഡപകടങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. അതേസമയം, ജനങ്ങളുടേയും കോടതിയുടേയും കണ്ണിൽ പൊടിയിടാൻ സർക്കാർ മരണക്കണക്കിൽ വെട്ടിക്കുറക്കൽ നടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.


ഐ.ഐ കാമറകൾ സ്ഥാപിച്ചതോടെ റോഡപകടങ്ങൾ കുറഞ്ഞെന്ന് വരുത്താൻ ഗതാഗത വകുപ്പ് തെറ്റായ കണക്കുകൾ കോടതിക്ക് മുമ്പാകെ നൽകിയെന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണ്. കാമറ ഇടപാടിലെ അഴിമതി ആരോപിച്ച് പ്രതിപക്ഷം നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹൈക്കോടതിയിൽ സർക്കാർ നൽകിയ എതിർസത്യവാങ്മൂലത്തിലാണ് ഈ അസത്യപ്രസ്താവം. 2022 ഓഗസ്റ്റിൽ 3366 റോഡപകടങ്ങളും 307 മരണവും 4040 പേർക്കു പരുക്കുമേറ്റപ്പോൾ കാമറ സ്ഥാപിച്ചതിനുശേഷം 2023 ഓഗസ്റ്റിൽ മരണം 58 ആയി കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. അപകടങ്ങൾ 1065 ആയി കുറഞ്ഞു. പരുക്കേറ്റവരുടെ എണ്ണത്തിലുമുണ്ടായി സർക്കാർ കണക്കിൽ വൻ കുറവ്. ഇക്കാലയളവിൽ 1197 പേർക്ക് മാത്രമാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. അങ്ങനെയെങ്കിൽ തീർച്ചയായും ഇത് ആശ്വാസകരം തന്നെയാണ്. എന്നാൽ അതല്ല, യഥാർഥ കണക്കെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2023 ഓഗസ്റ്റിൽ 4006 വാഹനാപകടങ്ങളുണ്ടായി. ജീവൻ നഷ്ടമായത് 353 പേർക്ക്. പരുക്കേറ്റവർ 4560. 2022 ഓഗസ്റ്റിനേക്കാൾ അപകടങ്ങളും മരണങ്ങളും കൂടിയെന്നാണ് ഈ കണക്കുകകൾ വ്യക്തമാക്കുന്നത്.


വസ്തുതാവിരുദ്ധമായ കണക്കുകൾ ഗതാഗത മന്ത്രിയുടെ ഓഫിസിൽനിന്ന് തയാറാക്കി നൽകിയത് കൈപ്പിഴയോ നോട്ടക്കുറവോ ആണെന്ന് കരുതുക വയ്യ. അങ്ങനെ പിശകുകൾ വരാനും പാടില്ലാത്തതാണ്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ കുറഞ്ഞ മരണക്കണക്ക് എ.ഐ കാമറകളുടെ നേട്ടമാണെന്ന് നിയമസഭയിലും പുറത്തുമെല്ലാം അഭിമാനത്തോടെ പറഞ്ഞുനടന്നത് നമ്മൾ കേട്ടതാണ്. എന്നാൽ അതല്ല സത്യമെന്ന് തിരിച്ചറിഞ്ഞപ്പോൾ കോടതിയിൽ നിന്നുള്ള തിരിച്ചടി ഭയന്ന് കണക്കിൽ കൺകെട്ടുണ്ടാക്കി. മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് അസി. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഈ തെറ്റായ റിപ്പോർട്ട് പടച്ചുണ്ടാക്കി പൊലിസ് റിപ്പോർട്ട് എന്ന പേരിൽ കോടതിയിൽ നൽകിയതത്രെ.

ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ഓരോ മാസത്തേയും വിവരം ലഭ്യമാകുമെന്നിരിക്കെ ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയത് ബോധപൂർവം തന്നെയാണ്. കണക്കിലെ സാങ്കേതികത്വമാണ് പിഴവിന് കാരണമെന്ന ന്യായവാദമൊന്നും പ്രസക്തമല്ല. എ.ഐ കാമറകളുടെ ഇല്ലാത്ത നേട്ടം ഉയർത്തിക്കാട്ടാൻ ഇത്തരം വെട്ടും തിരുത്തും പാടില്ലാത്തതായിരുന്നു.


ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വെബ്‌സൈറ്റിൽ ഒരു വർഷത്തെ അപകടങ്ങളുടേയും മരണങ്ങളുടേയും കൃത്യമായ കണക്ക് വരിക വർഷാവസാനത്തിലാണ്. അതിനു മുമ്പെ കേസിൽ വിധി വരുമെന്ന ബോധ്യത്തിൽ ഇത്തരം പൊള്ളക്കണക്കുകൾ ഉണ്ടാക്കാൻ സർക്കാർ കൂട്ടുനിന്നത് ഗുരുതര കുറ്റമാണ്. കോടതിയേയും നിയമസഭയേയും തെറ്റിദ്ധരിപ്പിക്കാൻ ആരൊക്കെ കൂട്ടുനിന്നോ അവർക്കെല്ലാമെതിരേ ശക്തമായ നടപടികൾ എടുക്കണം. നിയമസഭയിലും പുറത്തും പറഞ്ഞ കള്ളം ഹൈക്കോടതിക്ക് മുമ്പാകെയും ആവർത്തിച്ചതിലൂടെ ഗതാഗത മന്ത്രി ആന്റണി രാജു സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആവശ്യം.


പദ്ധതിയുടെ കരാർ കൊടുത്തതിൽ അഴിമതിയുണ്ടെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് ഗതാഗത നിയമപാലന രംഗത്ത് വൻ മാറ്റത്തിന് കാരണമാകുമെന്നവകാശപ്പെട്ട് സർക്കാർ കൊണ്ടുവന്ന എ.ഐ കാമറകളെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇത്രയും വലിയ തുക മുടക്കുന്ന പദ്ധതിയാണെങ്കിലും 'പദ്ധതിയിൽ നിന്ന് ഇനി തിരിച്ചുപോകാൻ കഴിയില്ലെന്ന' ഒറ്റക്കാരണത്തിലാണ് മന്ത്രിസഭ അനുമതി കൊടുത്തത്. ഇതുതന്നെ അഴിമതിക്ക് കുടപിടിക്കുന്നതാണെന്ന ആരോപണം ഉയർന്നിരുന്നു.


രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു എ.ഐ കാമറ വിവാദങ്ങൾ. റോഡപകടങ്ങൾ കുറയ്ക്കൽ ലക്ഷ്യമിട്ട് 675 എ.ഐ കാമറകൾ സ്ഥാപിച്ചതിന് ചെലവിട്ടത് 232.25 കോടി രൂപയാണ്. ഇതിൽ 75.42 കോടിയും കമ്മിഷനായി വഴിമാറിയെന്ന വിവരമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കാമറയ്ക്ക് ചെലവായ തുക പൊതുഖജനാവിൽനിന്ന് നഷ്ടമായില്ലെങ്കിലും ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പൊതുജനങ്ങളിൽനിന്ന് പിഴിഞ്ഞെടുക്കുന്ന തുക കരാർ കമ്പനിക്കാരുടെ കീശയാണ് വീർപ്പിച്ചുകൊണ്ടിരിക്കുന്നത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർ ചെറിയ ട്രാഫിക് നിയമലംഘനത്തിന്റെ പേരിലും ഓരോ ദിവസവും പിഴയൊടുക്കിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴും റോഡുകൾ കുരുതിക്കളങ്ങളാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു യുവ ഡോക്ടർമാരുടെ ജീവൻ പൊലിഞ്ഞത് റോഡ് കാമറകളുടെ നിരീക്ഷണമില്ലാഞ്ഞിട്ടല്ല. റോഡ് അവസാനിച്ചു എന്ന സൂചനാ ബോർഡ് പുഴ ഓരത്തുപോലും സ്ഥാപിക്കാൻ കഴിയാതിരുന്ന നമ്മുടെ അധികൃതരുടെ അനാസ്ഥകൊണ്ടു മാത്രമാണ്.

കൃത്യമായ സൂചനാ ബോർഡുകളും റോഡുകളിലെ കുഴിയടക്കലും അമിത വേഗതയും നിയന്ത്രിച്ചാൽ തന്നെ റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കാനാകും. ഇതൊന്നും ചെയ്യാതെ കാമറകളെ പണസമ്പാദന വഴികളാക്കിയുള്ള സർക്കാരിന്റെ നയം ഇനിയെങ്കിലും മാറ്റണം.

Content Highlights:Ai cameras that have gone to waste



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago