ജീവിതശൈലിയിലൂടെ ആരോഗ്യത്തിലേക്ക് നടക്കാം
മാറിയ ജീവിതരീതിയിൽ ശാരീരിക വ്യായാമം കുറഞ്ഞത് അടുത്ത എട്ടു വർഷത്തിനുള്ളിൽ ലോകത്ത് 50 കോടി പേരെ ഹൃദ്രോഗികളോ മറ്റു ജീവിതശൈലി രോഗികളോ ആക്കിയേക്കുമെന്നാണ് ഈ വർഷത്തെ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ) റിപ്പോർട്ട്. ആദ്യമായാണ് ഈ വർഷം ലോകാരോഗ്യ സംഘടന ശാരീരിക ക്രീയാശീലതയെ കുറിച്ചുള്ള ആഗോള റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. വ്യായാമം ഇല്ലെങ്കിൽ സാമ്പത്തികമായി വ്യക്തിയെ തളർത്തുന്ന രോഗങ്ങൾ വരാനുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിൽ പറയുന്നത്. ചെറുപ്പക്കാർ പോലും പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്നും മറ്റും മരിക്കുന്നത് നിത്യ സംഭവമാകുമ്പോൾ ഈ റിപ്പോർട്ട് നമുക്കു നൽകുന്നത് ചെറുതല്ലാത്ത മുന്നറിയിപ്പ് തന്നെയാണ്.
ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ എണ്ണപ്പെടാവുന്ന വിധത്തിൽ പ്രമേഹം വ്യാപിച്ചുകഴിഞ്ഞു. 35 വയസു കഴിഞ്ഞാൽ പ്രമേഹം പടരുകയാണ്. 2020നും 2030നും ഇടയിൽ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയവയാണ് വർധിക്കുക. ഇവ ചികിത്സിക്കാൻ വർഷത്തിൽ 27 ബില്യൻ യു.എസ് ഡോളർ ജനങ്ങൾ ചെലവഴിക്കേണ്ടിവരും. 194 രാജ്യങ്ങളിൽ നടത്തിയ പഠനമാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിന് മാനദണ്ഡം. രോഗം വരാതെ നോക്കാൻ ഫിസിക്കൽ ആക്ടിവിറ്റി നയമുള്ള രാജ്യങ്ങൾ 50 ശതമാനത്തിൽ കുറവാണ്. രോഗം വന്നോട്ടെ എന്നിട്ട് ചികിത്സിക്കാമല്ലോ എന്ന മനോഭാവമാണ് പല രാജ്യങ്ങൾക്കും. അതേ മനോഭാവമാണ് നമുക്കു ചുറ്റും കണ്ണോടിച്ചാൽ കാണാനാകുക. തിന്നു മരിക്കുന്ന മലയാളി എന്ന അവസ്ഥയിലേക്ക് നാം മാറിക്കഴിഞ്ഞു. ആവശ്യമുള്ള ഭക്ഷണം കഴിക്കുക എന്നതിൽ കവിഞ്ഞ് ആർത്തിയോടെ വലിച്ചുവാരി തിന്നുകയെന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. രോഗം വന്നാൽ മരുന്നു കഴിക്കുക എന്നതിനു പകരം രോഗം വരാതെ ദീർഘനാൾ എങ്ങനെ ജീവിക്കാമെന്ന് നാം ചിന്തിക്കുകയോ ഡോക്ടർമാരോ ആരോഗ്യവകുപ്പോ ജനങ്ങളെ ബോധവൽക്കരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഖേദകരം.
അര മണിക്കൂർ വേഗത്തിൽ നടന്നാൽ തന്നെ ആവശ്യമായ വ്യായാമം ആയി. മറ്റുള്ള നടത്തവും പ്രവർത്തനങ്ങളും ആയാൽ ആരോഗ്യത്തിന് മുതൽക്കൂട്ടാകും. ജീവിതശൈലി മാറിയപ്പോൾ പഴയതുപോലെ നടന്നുപോകാനോ വാഹനം ഉപേക്ഷിക്കാനോ കഴിയില്ല. വ്യായാമം കൂട്ടാൻ സമയവുമില്ല. അപ്പോൾ വ്യായാമവും മാറിയ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇതാണ് വ്യായാമം കൂട്ടാൻ ശാശ്വത പരിഹാരം ആരോഗ്യ പരിപാലനത്തിന്റെ ആദ്യ പടി ബോഡി മാസ് ഇന്റക്‌സ് (ബി.എം.ഐ) പ്രകാരം ഭാരം നിയന്ത്രിക്കുക തന്നെയാണ്. ഭാരം കൂടിയാൽ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ബി.എം.ഐ 25ൽ താഴെ നിർത്തണം. അതിൽ കൂടുതൽ അമിത ഭാരമാണ്. ഉയരത്തിന് അനുസരിച്ച് ഭാരം നിയന്ത്രിക്കണം. ഇതിന് ഭക്ഷണക്രമീകരണവും വ്യായാമവും വേണം. വ്യായാമം മാനസിക, ശാരീരിക ആരോഗ്യം വർധിപ്പിക്കും.
മാനസിക സംഘർഷവും ഉറക്കക്കുറവുമാണ് ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. ഉത്കണ്ഠ ഇന്ന് ജോലിയുടെ ഭാഗമായി കഴിഞ്ഞു. ശാരീരികപ്രവൃത്തികൾ കുറഞ്ഞ് മസ്തിഷ്‌കം കൊണ്ടുള്ള പ്രവൃത്തികളാണ് ഇന്ന് മിക്ക ജോലിയിലും കൂടുതൽ. 7 മണിക്കൂർ ആഴത്തിലുള്ള ഉറക്കം ഒരു ദിവസം ഉറപ്പാക്കണം. 6 മണിക്കൂറിൽ കുറവ് ഉറക്കം സമീപകാല ഭാവിയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഹൃദ്രോഗം മുതൽ അർബുദം വരെ ഉറക്കക്കുറവുകൊണ്ട് ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. രോഗം വന്ന് ഭക്ഷണങ്ങൾ ക്രമീകരിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ എല്ലാം കുറച്ച് കഴിക്കുന്നതാണ് നല്ലത്.
മലയാളി മുൻപ് കഴിച്ചയത്ര ചോറ് ഇപ്പോൾ കഴിക്കണോ എന്നും ആലോചിക്കാം. എളുപ്പം ദഹിച്ച് ഗ്ലൂക്കോസ് ആകുന്ന ഭക്ഷണമാണ് ചോറ്. അന്ന് അത്രയും ഗ്ലൂക്കോസ് നാം മണിക്കൂറുകൾക്കം ഉപയോഗിക്കുമായിരുന്നു. ഇപ്പോൾ ശാരീരിക വ്യായാമം കുറഞ്ഞതിനാൽ ആ ഗ്ലൂക്കോസ് ശരീരത്തിന് ഉപയോഗിക്കാതെ വരും. തുടർന്ന് ഗ്ലൈക്കോജൻ എന്ന കൊഴുപ്പാക്കി മാറ്റും. ആ കൊഴുപ്പ് പിന്നീട് വീണ്ടും ഗ്ലൂക്കോസ് ആകണമെങ്കിൽ നന്നായി വിശക്കുകയോ വ്രതം അനുഷ്ഠിക്കുകയോ വേണ്ടിവരും. വയറിനു വിശക്കാൻ അനുവദിക്കാതെ ഭക്ഷണം കഴിക്കുമ്പോൾ കൊഴുപ്പ് രക്തക്കുഴലിലും മറ്റും അടിഞ്ഞുകൂടുകയല്ലാതെ നിർവാഹമില്ലാതെവരും. രണ്ടോ മൂന്നോ തവി ചോറേ ഒരാൾക്ക് ആവശ്യമുള്ളൂ. നാം വിശപ്പ് മാറും വരെ എടുത്തിട്ട് കഴിച്ചാണ് ശീലം. എന്നാൽ ആ ഊർജം കത്തിച്ചുകളയാനുള്ള ശാരീരിക പ്രവൃത്തിയുമില്ല. ഇതെല്ലാമാണ് രോഗികളാക്കുന്നത്.
രോഗം വരുന്നത് വരെ ആശുപത്രിയിൽ പോകാനോ പരിശോധന നടത്താനോ നാം തയാറാകാറില്ല. വാർഷിക വൈദ്യപരിശോധന നടത്തിയാൽ ഭക്ഷണക്രമീകരണവും വ്യായാമവും വഴി തന്നെ പല രോഗങ്ങളെ ചെറുക്കാനും പ്രതിരോധിക്കാനും കഴിയും. ആരോഗ്യ സാക്ഷരതയുടെ കുറവാണ് പ്രശ്‌നമെങ്കിൽ ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. രോഗം തടയുക എന്നതു തന്നെയാണ് ആരോഗ്യ വകുപ്പ് മുഖ്യ അജൻഡയായി കാണേണ്ടത്. ചികിത്സാരംഗത്തെ ചെലവ് ഇതിലൂടെ സർക്കാരിന് കുറയ്ക്കാനാകും. ബോധവൽക്കരണം, ആരോഗ്യശീലം കുഞ്ഞുനാളിലേ വളർത്തുക എന്നിവയ്ക്ക് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുക ഒരോ വർഷവും ചികിത്സയ്ക്കായി നീക്കിവയ്‌ക്കേണ്ടി വരുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ രോഗപ്രതിരോധത്തിനാണ് മൻതൂക്കം നൽകുന്നത്. അവിടെ രോഗികൾ കുറയാനും കാരണം ഇതാണ്. വർഷത്തിലൊരിക്കൽ രക്തപരിശോധനയും മറ്റും ഉൾപ്പെടെ ഒരു കുടുംബത്തിന് സൗജന്യമായി നടത്താൻ സർക്കാരിന് സംവിധാനം ഒരുക്കാം. ഹെൽത്ത് കാർഡും തയാറാക്കാം. സ്വകാര്യ മേഖലയിൽ നിന്നാണെങ്കിൽ വർഷത്തിൽ കിറ്റ് നൽകുന്നതുപോലെ ഹെൽത്ത് സബ്‌സിഡി നൽകിയാലും ഗുണം ചെയ്യും.
ആശാവർക്കർമാർ വഴി സർക്കാരിന് ഓരോ പൗരന്റെയും ആരോഗ്യനിലവാരം ശേഖരിക്കുകയും ആവശ്യമായ സഹായം നൽകാനും കണക്കെടുക്കാനും കഴിയും. കൂട്ടികളിലെ ആരോഗ്യം വർധിപ്പിക്കാൻ പോഷകാഹാരത്തിനൊപ്പം കളികൾക്കും സ്‌കൂളിൽ പ്രാധാന്യം നൽകാം. ഒരോ പൗരനും ആവശ്യമായ വ്യായാമം ചെയ്യാൻ ആകർഷക പദ്ധതികളും മറ്റും പ്രഖ്യാപിക്കാം. പൊതുസ്ഥലങ്ങളിൽ വ്യായാമത്തിനുള്ള സൗകര്യവും ഒരുക്കാം. അങ്ങനെ മാറിയ ജീവിതശൈലിയിലും ആരോഗ്യമുള്ള പൗരനെ വാർത്തെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."