60,000 ദിർഹത്തിൽ കൂടുതൽ ഉള്ള വസ്തുക്കൾ ലഗേജിൽ ഉണ്ടോ? ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിടിവീഴും
60,000 ദിർഹത്തിൽ കൂടുതൽ ഉള്ള വസ്തുക്കൾ ലഗേജിൽ ഉണ്ടോ? ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിടിവീഴും
അബുദാബി: യുഎഇയിലേക്കോ യുഎഇയിൽ നിന്ന് പുറത്തേക്കോ യാത്ര ചെയ്യുന്നവർ 60,000 ദിർഹത്തിൽ കൂടുതൽ ഉള്ള വസ്തുക്കൾ കൊണ്ടുപോകുന്നത് അഫ്സെഹ് എന്ന ആപ്പ് (Afseh App) വഴി സർക്കാരിനോട് വെളിപ്പെടുത്താൻ നിർദേശിച്ച് യുഎഇ അധികൃതർ. യുഎഇ നിവാസികൾക്കും സന്ദർശകർക്കും ഈ നിയമം ബാധകമാണ്. 60,000 ദിർഹത്തിൽ കൂടുതൽ പണം, സ്വർണം, ആഭരണങ്ങൾ, വജ്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഏതായാലും അഫ്സെഹ് വഴി ഇക്കാര്യം അറിയിക്കണം.
60,000 ദിർഹത്തിൽ കൂടുതൽ അല്ലെങ്കിൽ മറ്റേതെങ്കിലും കറൻസി, സാമ്പത്തിക ആസ്തികൾ, വിലപിടിപ്പുള്ള ലോഹം അല്ലെങ്കിൽ കല്ലുകൾ എന്നിവയിൽ തത്തുല്യമായ തുകയുമായി യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഓഫീസർമാരോട് അറിയിക്കേണ്ടത് നിർബന്ധമാണ്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന എല്ലാ താമസക്കാർക്കും സന്ദർശകർക്കും ഇത് ബാധകമാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് 60,000 ദിർഹത്തിന് മുകളിലുള്ള ഫണ്ടുകളും വിലപിടിപ്പുള്ള വസ്തുക്കളും വെളിപ്പെടുത്തണമെന്നുള്ള യുഎഇയുടെ തീരുമാനം. അതേസമയം, 18 വയസ്സിന് മുകളിലുള്ള ഓരോ കുടുംബാംഗത്തിനും 60,000 ദിർഹത്തിൽ കവിയാത്ത തുകയോ വിദേശ കറൻസിയിൽ അതിന് തുല്യമായ തുകയോ കസ്റ്റംസ് ഓഫീസർമാരോട് വെളിപ്പെടുത്താതെ കൊണ്ടുപോകാൻ അവകാശമുണ്ട്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ആണ് അഫ്സെഹ് എന്ന ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. താമസക്കാരും പൗരന്മാരും ആറ് ഘട്ടങ്ങളിലൂടെ വിശദാംശങ്ങൾ സമർപ്പിക്കുകയും പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും തുകയോ മൂല്യമോ പ്രഖ്യാപിക്കുകയും വേണം. ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാനാകുമെന്നതിനാൽ, രാജ്യത്തിനകത്തോ പുറത്തേക്കോ വരുമ്പോൾ മൂല്യം കൂടുകയോ കുറയുകയോ ചെയ്‌താൽ ആളുകൾക്ക് പിന്നീട് അത് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."