സഊദിയിൽ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് പേർ ഇന്ത്യക്കാർ, ഒരു ബംഗ്ലാദേശ് പൗരന്റെ നില ഗുരുതരം
റിയാദ്: സഊദിയിലെ യമൻ അതിർത്തിക്കടുത്ത അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റതായി സഊദി അറേബ്യ വ്യക്തമാക്കി. രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും സഊദി അറേബ്യ അറിയിച്ചു. മൂന്നാമത്തതെയാൾക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഹൂതികളുടെ ഡ്രോൺ തകർത്തതിന് പിന്നാലെ താഴെ അവശിഷ്ടങ്ങൾ പതിച്ചാണ് എട്ടു പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരു ബംഗ്ലാദേശി പൗരൻ്റ നില ഗുരുതരമാണ്. മറ്റൊരു ബംഗ്ലാദേശ് പൗരൻ ചികിത്സയിലാണ്. നിസാര പരിക്കേറ്റവരിൽ ഒരു സഊദി പൗരനും നേപ്പാൾ സ്വദേശിയുമുണ്ട്.
അതേസമയം, സഊദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയ നടപടിക്കെതിരെ ശക്തമായി തിരിച്ചടിച്ച് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന. വിമാനത്താവള ആക്രമണത്തിനെതിരെ സഖ്യ സേനയുടെ തിരിച്ചടിയിൽ സൻഅയിലെ ഡ്രോൺ വിക്ഷേപണ ലോഞ്ചുകൾ തകർത്തതായി സഖ്യ സേന അറിയിച്ചു. ഇവിടെയുള്ള മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."