പോളണ്ടില്‍ പതിച്ച മിസൈല്‍ ഉക്രൈനിന്റേതെന്ന് അമേരിക്കയും നാറ്റോയും
കീവ്: കഴിഞ്ഞ ദിവസം പോളണ്ടില്‍ പതിച്ച മിസൈല്‍ ഉക്രൈനിന്റേതെന്ന് അമേരിക്കയും നാറ്റോയും. ഉക്രൈനിലേക്ക് റഷ്യ നടത്തിയ ആക്രമണത്തിനിടെ മിസൈലുകള്‍ ആകാശത്തുവച്ച് തന്നെ തകര്‍ക്കാന്‍ ഉക്രൈന്‍ തൊടുത്ത വ്യോമ പ്രതിരോധ മിസൈലുകള്‍ അബദ്ധത്തില്‍ പോളണ്ടില്‍ പതിക്കുകയായിരുന്നുവെന്നാണ് നിഗമനം. എന്നാല്‍ ഇക്കാര്യം ഉക്രൈന്‍ ആവര്‍ത്തിച്ച് നിഷേധിച്ചു. ആക്രമണത്തില്‍ രണ്ട് പോളണ്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.
മാരകമായ മിസൈല്‍ റഷ്യ അയച്ചതാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചിരുന്നു. ഉക്രൈന്‍-റഷ്യ യുദ്ധം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യ രാജ്യങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാനമായ കെര്‍സണ്‍ മേഖലയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് അവരുടെ സൈന്യം പിന്മാറുകയും ഉക്രൈന്‍ പൂര്‍ണ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ റഷ്യ കനത്ത വ്യോമാക്രമണം ആരംഭിച്ചിരുന്നു.
റഷ്യന്‍ മിസൈലുകള്‍ തടയാന്‍ വിക്ഷേപിച്ച ഉക്രൈനിയന്‍ വ്യോമ പ്രതിരോധ മിസൈലാണ് പ്രെസെവോഡോ ഗ്രാമത്തിലെ സ്‌ഫോടനത്തിന് കാരണമെന്ന് നാറ്റോയും വ്യക്തമാക്കി. സംഘര്‍ഷം ആരംഭിച്ചതിന് ആത്യന്തിക ഉത്തരവാദി റഷ്യയാണെന്നും നാറ്റോ കുറ്റപ്പെടുത്തി. എന്നാല്‍ മിസൈല്‍ വീണതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു. 'ഇത് ഞങ്ങളുടെ മിസൈലല്ല എന്നതില്‍ എനിക്ക് സംശയമില്ല. ഞങ്ങളുടെ സൈനിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു റഷ്യന്‍ മിസൈലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.'-സെലെന്‍സ്‌കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."