ഇ-സ്‌കൂട്ടര്‍ അപകടങ്ങൾ പെരുകുന്നു: ദുബൈയില്‍ എട്ട് മാസത്തിനിടെ അഞ്ച് മരണം
ദുബൈ: ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങൾ പെരുകുന്നു. ട്രാഫിക് കുരുക്കുകള്‍ മറികടക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇ-സ്‌കൂട്ടറുകള്‍ സഹായകരമാണെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടത്തിന് സാധ്യത കൂടുതലാണ്. തിരക്കേറിയ പാതകളില്‍ പ്രത്യേകിച്ചും. കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ഇ-സ്‌കൂട്ടറുകളുടെ തെറ്റായ ഉപയോഗം മൂലം ഇക്കാലയളവില്‍ 32 അപകടങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി അറിയിച്ചു. ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ അപകടം വരുത്തിവയ്ക്കുന്നതിന്റെയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന വീഡിയോയും ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ദുബായിലുട നീളം ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ 29 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കുകളില്‍ രണ്ടെണ്ണം അതീവ ഗുരുതരവും 14 എണ്ണം ഗുരുതരവും 13 എണ്ണം നിസ്സാരവുമാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ 10,000 ത്തോളം റൈഡര്‍മാര്‍ക്ക് പിഴ ചുമത്തി.
അപകടകരമായി ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല, ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു. ഇത്തരം കേസുകളില്‍ റൈഡര്‍മാര്‍ക്ക് 300 ദിര്‍ഹം പിഴ ചുമത്തും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നത് പോലെയുള്ള നിയമലംഘനങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തിരക്കുള്ള പ്രധാന റോഡുകളില്‍ ഇത് ഉപയോഗിക്കുന്നതും വണ്‍വേ നിയമങ്ങള്‍ ലംഘിക്കുന്നതും വീഡിയോയില്‍ കാണാം.
ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ എല്ലാ സുരക്ഷാ നിയമങ്ങളും ട്രാഫിക് മര്യാദകളും പാലിക്കണമെന്ന് ദുബൈ പോലീസ് അഭ്യര്‍ത്ഥിച്ചു. അനുവദിക്കപ്പെട്ട പാതകളില്‍ കൂടി മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ സഞ്ചരിക്കരുത്. ഹെല്‍മെറ്റുകളും റിഫളക്റ്റീവ് ജാക്കറ്റുകളും ധരിക്കണം. ട്രാഫിക് ലൈറ്റുകളും മറ്റ് റോഡ് അടയാളങ്ങളും കൃത്യമായി പാലിക്കുക, വാഹനത്തിന്റെ മുന്‍വശത്ത് തിളങ്ങുന്ന വെള്ളയും പ്രതിഫലിക്കുന്ന ലൈറ്റുകളും പിന്നില്‍ കടും ചുവപ്പ്, പ്രതിഫലന ലൈറ്റുകളും ഉപയോഗിക്കുക, വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ബ്രേക്കുകള്‍ ഉണ്ടായിരിക്കുക എന്നീ നിയമങ്ങളും പാലിക്കണമെന്ന് ദുബൈ പോലീസ് ഓര്‍മിപ്പിച്ചു.
Content Highlights: E-scooter accidents are on the rise
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."