സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഫെബ്രുവരിയില്‍ നടത്തണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പത്തനംതിട്ട: ജില്ലയില്‍ 2017 ഫെബ്രുവരി അവസാനത്തോടെ മണ്ഡലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഉത്സവമായി നടത്തണമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലത്തില്‍ ഫെബ്രുവരി രണ്ടാം വാരം പ്രഖ്യാപനമുണ്ടാവണം. 2017 മാര്‍ച്ചില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി. സെപ്റ്റംബര്‍ 20 ന് മുമ്പ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് തയാറാക്കണം. ഒമ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ജീവനക്കാര്‍ 25നകം എസ്റ്റിമേറ്റ് തയാറാക്കണം.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിക്കണം. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് പഞ്ചായത്ത് കമ്മിറ്റികള്‍ യോഗം ചേരണം. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ എ.ഡി.എം സമയബന്ധിതമായി പരിഹരിക്കണം. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പഞ്ചായത്തുകളില്‍ ഏകദിന പരിശോധന നടത്തണം. വീടുകളില്‍ വയറിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രത്യേക ഫണ്ട് പഞ്ചായത്തുകള്‍ വകയിരുത്തുന്നത് ഗുണകരമാണ്. എം.പി, എം.എല്‍.എ ഫണ്ടും വിനിയോഗിക്കാം.
നിലം നികത്തിയ സ്ഥലത്ത് വീടു വച്ചവര്‍ക്ക് വീട്ടുനമ്പര്‍ ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ വൈദ്യുതി നിഷേധിക്കേണ്ടതില്ല. ഈ പ്രശ്‌നം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതിനുള്ള കമ്മിറ്റി പുനസ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വനമേഖല ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളില്‍ സൗരോര്‍ജ പദ്ധതി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കലക്ടര്‍ ആര്‍ ഗിരിജ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."