താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച്ച രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സുകള്‍ മാത്രം
വയനാട്: താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ പൊലീസ് മേധാവി. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല.
മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകള്‍ കടന്നുപോകുന്നതിനായാണ് മറ്റ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്.
ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ നാളെ (വ്യാഴം) രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടിലേക്ക് കടന്നുപോകാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്‍കിയ സാഹചര്യത്തിലാണ് നിയന്ത്രണം. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
നാളെ (22.12.2022 വ്യാഴം) രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
1. സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റവൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും നാളെ (വ്യാഴം) രാത്രി 8 മണി മുതല്‍ ബീനച്ചി പനമരം വഴിയോ, മീനങ്ങാടി പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന KSRTC, സ്വകാര്യ ബസ്സുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.
3. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
4. രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."