ഹമാസിന്റെ സായുധവിഭാഗത്തിന് ഖസ്സാം ബ്രിഗേഡ് എന്ന പേര് എങ്ങിനെ വന്നു?; അറിയാം ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിനെ
ഇന്നിപ്പോള്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണം ഒന്നരമാസം ദിവസം പിന്നിടുമ്പോള്‍ നമ്മള്‍ ഇടക്ക് കേള്‍ക്കുന്ന പേരാണ് ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് എന്ന്. എന്നാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്ത് കൊണ്ടാണ് ഹമാസ് തങ്ങളുടെ ആംഡ് വിങ്ങിന് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ പേര് നല്‍കിയെന്ന്? ആരാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം എന്ന്.
നമ്മള്‍ മലയാളികള്‍ ആലി മുസ്യാലരെ പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് കേട്ട് നന്നേ ചെറുപ്പത്തിലേ ആവേശം കൊള്ളുന്നത് പോലെ പശ്ചിമേഷ്യയിലെ കുട്ടികള്‍ കേട്ട് വളരുന്ന പേരുകളിലൊന്നാണ് ശെയ്ഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെത്.
പൂര്‍ണ്ണ നാമം: ഇസ്സുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ഇബ്ന്‍ മുസ്തഫ ഇബ്ന്‍ യൂസഫ് ഇബ്ന്‍ മുഹമ്മദ് അല്‍ ഖസ്സാം.
സിറിയയില്‍ ജനിച്ചുവളര്‍ന്ന ഇസ്ലാമിക പണ്ഡിതനും സൂഫി വര്യനും ഒളിപ്പോരാളിയുമായിരുന്നു ശെയ്ഖ് ഇസ്സുദ്ദീന്‍. ഉസ്മാനിയ്യ ഖിലാഫത്തിന്റെ സംരക്ഷത്തിനായി ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ധീരരക്തസാക്ഷിത്വം വഹിച്ച അദ്ദേഹത്തെ പശ്ചിമേഷ്യക്കാര്‍ രക്തസാക്ഷികളുടെ നേതാവായാണ് കാണുന്നത്.
ഉസ്മാനിയ്യ ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ ഖാദറിന്റെ മകനായി 1882ലാണ് ജനനം. ഇസ്ലാമിക പഠനങ്ങളില്‍ വന്‍ അവഗാഹം നേടിയ വ്യക്തിയായിരുന്നു ശെയ്ഖ് ഇസ്സുദ്ദീന്‍. കെയ്‌റോയിലെ വിശ്വപ്രസിദ്ധമായ അല്‍ അസ്ഹറിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
അല്‍ അസ്ഹര്‍ പഠനകാലത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പ്പര്യം തോന്നിയെങ്കിലും ആത്മീയവും ഇസ്ലാമിക അധ്യാപനവുമാണ് തന്റെ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞ ഇസ്സുദ്ദീന്‍ പഠനശേഷം ഈരംഗത്ത് സജീവമായി. നിരവധി ശിഷ്യന്‍മാരുടെ ഗുരുനാഥനായി ജബലിയ്യയില്‍ വലിയ ദര്‍സ് തുടങ്ങി. ഉസ്മാനിയ്യ ഖിലാഫത്തിന്റെ നിലനില്‍പ്പിനായി വാദിച്ചു. ഇസ്ലാമില നിര്‍ബന്ധ അനുഷ്ഠാനങ്ങളായ നോമ്പും നിസ്‌കാരവും ഹജ്ജും പോലെ തന്നെ രാഷ്ട്രീയപ്രവര്‍ത്തനവും മതത്തിന്റെ അവിഭാജ്യഘടകമാണെന്നും വിശ്വസിച്ചു.
ഇക്കാലത്താണ് ലിബിയയില്‍ ഇറ്റാലിയന്‍ അധിനിവേശം രൂക്ഷമാകുന്നതും അതിനെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നതും. അനുയായികള്‍ക്ക് ട്രെയിനിങ് നല്‍കി ഇറ്റാലിയന്‍ ഫാസിസ്റ്റ് ഏകാധിപതികള്‍ക്കെതിരായ പോരാട്ടത്തിന് ഇസ്സുദ്ദീന്‍ പിന്തുണനല്‍കി. ഒളിപ്പോരാളികള്‍ക്ക് പരിശീലനം നല്‍കാന്‍ ഇസ്സുദ്ദീന് ഉസ്മാനിയ്യ ഖിലാഫത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. അങ്ങിനെ ഒരേസമയം അധിനിവേശ വിരുദ്ധ പോരാളി നേതാവും ആത്മീയനേതാവുമായി ഇസുദ്ദീന്‍ പെട്ടെന്ന് പേരെടുത്തു. സിറിയയില്‍ ഫ്രഞ്ച് അധിനിവേശ സൈന്യത്തോട് പോരാടാന്‍ നേരിട്ട് നേതൃത്വം നല്‍കി.
കടുത്ത ഇസ്ലാമിക അധ്യാപനങ്ങള്‍ പിന്തുടരുന്നവരായിരുന്നു ഇസ്സുദ്ദീന്റെ അനുയായികള്‍. എല്ലാവരും ഖാദിരിയ്യ സൂഫി ധാരയില്‍ അംഗമായിരുന്നു. പോരാട്ടത്തിലും മതശാസന വിട്ടുവീഴ്ചയില്ലാതെ പിന്തുടര്‍ന്നു. പോരാട്ടത്തിന് മുമ്പ് എല്ലാവരും വൃത്താകൃതിയില്‍ ഇരുന്ന് റാതീബ് ഓതിയും മൗലൂദുകള്‍ പാരായണംചെയ്തും ആവേശം കൊണ്ടു.
പശ്ചിമേഷ്യയില്‍ സയണിസ്റ്റ് രാജ്യം രൂപീകരിക്കാനുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഗൂഢതന്ത്രങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ അതിനെതിരേ തുടക്കംമുതലേ ഒളിപ്പോരാളികളെ ഉപയോഗിച്ച് കൊണ്ടിരുന്നു ഇസ്സുദ്ദീന്‍. ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യത്തിന് ഏറ്റവും വലിയ തലവേദനസൃഷ്ടിച്ച ഇസ്സുദ്ദീനെ എത്രയും വേഗം പിടികൂടാന്‍ അധിനിവേശ സൈനികര്‍ തീരുമാനിച്ചു.
1935ല്‍ ഇസ്സുദ്ദീന്‍ പിടിയിലായി. വിചാരണക്കൊടുവില്‍ തെറ്റ് ഏറ്റുപറയാനും മാപ്പ് പറയാനും ഇസ്സുദ്ദീനോട് ആവശ്യപ്പെട്ടതും അതിന് ഇസ്സുദ്ദീന്റെ മറുപടിയും ചരിത്രത്തിന്റെ ഭാഗമാണ്.
ഇത് വിമോചനത്തിന് വേണ്ടിയുള്ള വിശുദ്ധപോരാട്ടമാണ്, ഒന്നുകില്‍ വിമോചനം അല്ലെങ്കില്‍ രക്തസാക്ഷിത്വം… മറ്റൊന്നും സ്വീകാര്യമല്ല.
ഇസ്സുദ്ദീന് അവസാനമായി അധിനിവേശ സൈനികരോട് ഇതില്‍ കൂടുതലൊന്നും പറയാനില്ലായിരുന്നു.
1935 നവംബര്‍ 20ന് ബ്രിട്ടീഷ് സൈന്യം ആ പോരാളി നേതാവിനെ കൊലപ്പെടുത്തി.
വേദനയോടെയാണ് പശ്ചിമേഷ്യന്‍ ജനത ആ വാര്‍ത്ത കേട്ടത്.
പിന്നീട് സയണിസ്റ്റുകള്‍ അറബ് പ്രദേശത്ത് ജൂതകുടിയേറ്റക്കാരെ കുടിയിരുത്തി ഇസ്രായേല്‍ രൂപീകരിച്ചപ്പോള്‍ അധിനിവേശം വേറെ രൂപത്തിലായി. അതിനെതിരായ പോരാട്ടത്തിന് പുതിയൊരു ചെറുത്തുനില്‍പ്പ് സംഘം രൂപീകരിക്കുമ്പോള്‍ അതിന്റെ സായുധ വിഭാഗത്തിന് പേരിടാന്‍ പോരാളികള്‍ക്ക് മറ്റൊരു പേര് ആലോചിക്കേണ്ടിവന്നില്ല.
1991ലാണ് ഹമാസ് അല്‍ ഖസ്സാം ബ്രിഗേഡ് സ്ഥാപിക്കുന്നത്. രണ്ടാം ഇന്‍തിഫാദയോടെ, സയണിസ്റ്റുകളുടെ മുഖ്യ ടാര്‍ഗറ്റ് ആയി ബ്രിഗേഡ് കാന്‍ഡര്‍മാര്‍. ഇപ്പോഴത്തെ നരനായാട്ടും ബ്രിഗേഡ് കമാന്‍ഡര്‍മാരെ തേടിയാണ്. നമ്മുടെ നാട്ടിലെ ഒരു മണ്ഡലത്തിന്റെ വലിപ്പം മാത്രമുള്ള, ചുറ്റും ഇസ്രായേല്‍ വളഞ്ഞ ഗസ്സ എന്ന ചെറുപ്രദേശം അരിച്ചുപൊറിക്കിയിട്ടും പരക്കെ ബോംബ് വര്‍ഷിച്ചിട്ടും ഹമാസിനെ പരാജയപ്പെടുത്താന്‍ ലോകത്തെ വന്‍ശക്തിക്ക് കഴിയാത്തത് ഇസ്സുദ്ദീന്‍ ബ്രിഗേഡ് സംഘത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നിലുള്ള കീഴൊതുങ്ങലാണ് ഇന്നിപ്പോള്‍ വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് ഇസ്രായേലിനെ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."