HOME
DETAILS
MAL
വിമാന സര്‍വിസ് പുനരാരംഭിക്കാന്‍ ഇന്ത്യക്ക് കത്തെഴുതി താലിബാന്‍
backup
September 30, 2021 | 4:41 AM
കാബൂള്‍: അഫ്ഗാന്‍-ഇന്ത്യ വിമാന സര്‍വിസ് പുനരാരംഭിക്കാന്‍ അനുമതി തേടി ഇന്ത്യക്ക് താലിബാന്‍ സര്‍ക്കാരിന്റെ കത്ത്. താലിബാന്‍ ഭരണമേറ്റശേഷം ആദ്യമായാണ് ഇന്ത്യയുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത്. താലിബാന്‍ സര്‍ക്കാരിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ.
അഫ്ഗാന്‍ സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഇന്ത്യയുടെ വ്യോമയാന ഡയരക്ടറേറ്റ് ജനറലിന് (ഡി.ജി.സി.എ) കത്തെഴുതിയിരിക്കുന്നത്. കത്ത് ലഭിച്ച കാര്യം ഡി.ജി.സി.എ തലവന്‍ അരുണ്‍കുമാര്‍ സ്ഥിരീകരിച്ചു. അഫ്ഗാനിലെ ദേശീയ വിമാനക്കമ്പനികളായ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍, കാം എയര്‍ എന്നിവ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര സാധാരണനിലയിലാക്കാന്‍ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിക്കുന്നുവെന്നാണ് കത്തിലുള്ളത്.
അഫ്ഗാന്‍ വ്യോമയാന-ഗതാഗത മന്ത്രി അല്‍ഹാജ് ഹാമിദുല്ല അഖുന്‍സാദയാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. യു.എസ് സേന പിന്‍വാങ്ങുന്നതിനു മുമ്പ് കേടുവരുത്തിയ കാബൂള്‍ വിമാനത്താവളം ഖത്തറിന്റെ സാങ്കേതികസഹായത്തോടെ പ്രവര്‍ത്തനസജ്ജമാക്കിയതായും കത്തില്‍ പറയുന്നു.
താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഓഗസ്റ്റ് 16നാണ് അഫ്ഗാന്‍ വ്യോമപാത അടച്ചത്. നിലവില്‍ പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അഫ്ഗാനിലേക്ക് പതിവു സര്‍വിസുകള്‍ നടത്തുന്നുണ്ട്.
അതേസമയം നയപരമായ കാര്യമായതിനാല്‍ സിവില്‍ വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് അരുണ്‍കുമാര്‍ അറിയിച്ചു. താലിബാന്‍ അധികാരത്തിലേറുന്നതിനു മുമ്പ് എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും കാബൂളിലേക്ക് സര്‍വിസ് നടത്തിയിരുന്നു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റ് കഴിഞ്ഞവര്‍ഷം തന്നെ സര്‍വിസ് നിര്‍ത്തിയിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഓഗസ്റ്റ് 15 വരെ സര്‍വിസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."