കാനത്തിന് വിട നല്‍കാന്‍ കേരളം; വീട്ടില്‍ പൊതുദര്‍ശനം, സംസ്‌ക്കാരം 11 മണിക്ക്
കാനത്തിന് വിട നല്‍കാന്‍ കേരളം; വീട്ടില്‍ പൊതുദര്‍ശനം, സംസ്‌ക്കാരം 11 മണിക്ക്
കോട്ടയം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് യാത്രാമൊഴി. കോട്ടയം കാനത്തെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടക്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
ഇന്നലെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര 13 മണിക്കൂര്‍ പിന്നിട്ട് പുലര്‍ച്ചെ മൂന്നരയോടെയാണ് കോട്ടയം കാനത്തെ വീട്ടിലെത്തിയത്. രാത്രി വൈകിയും നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ വന്‍ ജനാവലിയാണ് ഓരോ ജംഗ്ഷനുകളിലും കാത്തിരുന്നത്.
ആയിരങ്ങള്‍ പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോട്ടയം സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ നടന്ന പൊതുദര്‍ശനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അന്ത്യാഭിവാദ്യമേകി.
ഒമ്പത് വര്‍ഷം എം.എല്‍.എ ആയിരുന്ന കാനത്തിന്റെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും.
ഇതിനിടെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്,എറണാകുളം ജില്ലയിലെ പെരുന്പാവൂരില്‍ നിന്നാണ് പര്യടനം തുടരുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."