കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ട; ലക്ഷ്യം അഴിമതി ഇല്ലാതാക്കുക: കെ.ബി ഗണേഷ് കുമാര്‍
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ട; ലക്ഷ്യം അഴിമതി ഇല്ലാതാക്കുക: കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: പൊതുഗതാഗത രംഗത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു പൈസ പോലും മോഷ്ടിക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ട. വരുമാനച്ചോര്‍ച്ചയടക്കം എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാമെന്നൊന്നും പറയുന്നില്ല. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍, തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കില്‍ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റും. പൊതുഗതാഗത രംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ പറ്റും.ഗതാഗത വകുപ്പാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് തീര്‍ച്ചയായും ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
കെഎസ്ആര്‍ടിസി വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാന്‍ പറ്റും. അച്ചടക്കം ഉണ്ടാക്കിയെടുക്കാന്‍ പറ്റും. എല്ലാവിധ ക്രമക്കേടുകളും ഇല്ലാതാക്കാം. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കുക. വരവ് വര്‍ധിക്കുന്നതിന് ഒപ്പം തന്നെ ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക. കെഎസ്ആര്‍ടിസിയുടെ ഒരു പൈസ ചോര്‍ന്നു പോകാതെയുള്ള നടപടിയായിരിക്കും.
ശരിക്കു പറഞ്ഞാല്‍ ബിവറേജസ്, മോട്ടര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ്, ലോട്ടറി എന്നിവിടങ്ങളില്‍നിന്നു മാത്രമേ നമ്മുടെ ധനകാര്യ ആവശ്യങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണമായി അവഗണിക്കുകയും കടം വാങ്ങാനുള്ള നമ്മുടെ അവകാശത്തില്‍ കൈവയ്ക്കുകയും ഒക്കെ ചെയ്യുകയാണ്. കേന്ദ്രത്തില്‍നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ജനങ്ങളെ പിഴിയാതെ എങ്ങനെയൊക്കെ വരുമാനം വര്‍ധിപ്പിക്കാം എന്നതു സംബന്ധിച്ച് ചില ആശയങ്ങളുണ്ട്. മൂന്നു കിലോമീറ്റര്‍ മൈലേജ് കിട്ടുന്ന ഡീസല്‍ വണ്ടികളേക്കാള്‍ ഗ്രാമീണ മേഖലകളില്‍ ചെറിയ ബസുകള്‍ വാങ്ങുക. അതിന് 7 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടും. കേരളത്തിന്റെ എല്ലാ ഗ്രാമീണ മേഖലകളിലും ബസ്സുകള്‍ ഉറപ്പാക്കുന്ന പദ്ധതി കൊണ്ടുവരും.''- ഗണേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."