HOME
DETAILS

ഹജ്ജബ്ബ കുറിച്ച മധുരാക്ഷരങ്ങള്‍

  
backup
November 13 2021 | 21:11 PM

orange-seller-who-built-a-school-honoured-with-padma-shri

ഫര്‍സാന കെ


മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയില്‍ നിങ്ങള്‍ ഈ മനുഷ്യനെ കണ്ടുമുട്ടിയിട്ടുണ്ടാവാം. വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷര്‍ട്ടുമിട്ട്, ഒരു വള്ളിക്കുട്ടയുമേന്തി വിയര്‍ത്തൊലിച്ച്, ഓറഞ്ച് ഓറഞ്ച്... എന്ന് വെയില്‍കൊണ്ട് പരുത്ത ശബ്ദത്തില്‍ ഉച്ചത്തില്‍ ഈണത്തില്‍ വിളിച്ചുചൊല്ലിപ്പോകുന്ന ഒരാള്‍. അത് ഹരേക്കള ഹജ്ജബ്ബയാണ്. പത്മശ്രീ ഹരേക്കള ഹജ്ജബ്ബ. മംഗളൂരുവിലെ ന്യൂപദപ്പ് എന്ന കുഗ്രാമത്തില്‍ നിന്നുള്ളയാള്‍.


കാണുന്നവര്‍ക്ക് ഇയാള്‍ വെറുമൊരു ഓറഞ്ച് വില്‍പനക്കാരനാണ്. ഒരുനേരത്തെ അന്നമൊപ്പിക്കാന്‍ തെരുവില്‍ വെയിലും മഴയും കൊള്ളുന്ന ആയിരങ്ങളില്‍ ഒരാള്‍. ഒരുനേരത്തെ അന്നമെന്നതിലപ്പുറം യാതൊരു കിനാക്കളുമില്ലാത്ത, ഒരുപക്ഷേ അതിലപ്പുറമൊരു കിനാവു കാണാന്‍ നാം അനുവദിക്കാത്ത ആയിരങ്ങളില്‍ ഒരാള്‍. എന്നാല്‍ ഹജ്ജബ്ബയ്ക്ക് പറയാന്‍ പോരാട്ടത്തിന്റെ കഥയുണ്ട്. ആണ്ടുകള്‍ നീണ്ടൊരു പോരാട്ടത്തിന്റെ കഥ. കിനാക്കള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് കിനാക്കളുടെ ആകാശം തീര്‍ത്ത കഥ. ആ കിനാക്കളിലേക്ക് പറന്നുയരാനൊരു ചിറക് നല്‍കിയ കഥ.


ഹരേക്കളയിലെ ബ്യാരി മുസ്‌ലിം സമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാന്‍. മടിക്കേരിയിലെ ഓറഞ്ചുതോട്ടങ്ങളാണ് ഹജ്ജബ്ബയുടെ വീട്ടില്‍ അടുപ്പെരിയണോ വേണ്ടയോ എന്നു തീരുമാനിച്ചിരുന്നത്. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമനുസരിച്ച് ഹജ്ജബ്ബയുടെ വീട്ടിലെ വയറുകള്‍ നിറഞ്ഞും ഒഴിഞ്ഞുമിരുന്നു. കാലാവസ്ഥ ചതിച്ചാല്‍ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാല്‍ ഹജ്ജബ്ബയുടെ വരുമാനവും കുറയും.

പോരാട്ടത്തിലേക്കൊരു
കനലായ എ.ബി.സി.ഡി..

എഴുപതുകളില്‍ തുടങ്ങിയതാണ് ഹജ്ജബ്ബയുടെ ഓറഞ്ച് കച്ചവടം. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണകന്നഡ നഗരത്തില്‍ ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നുഭാഷകളും നന്നായി പറയും. അങ്ങനെ കാര്യങ്ങള്‍ അല്ലലില്ലാതെ പോവുമ്പോണ് ഹജ്ജബ്ബയെ കുഴക്കിയ ആ സംഭവം.


ഒരിക്കല്‍ ഒരു സായിപ്പ് ഓറഞ്ചിന്റെ വില ചോദിച്ചു. എ.ബി.സി.ഡി.. അറിയാത്ത ഹജ്ജബ്ബക്ക് ആ ചോദ്യം ഒട്ടും മനസിലായില്ല. ഇന്ന് നമുക്കതിശയമായി തോന്നാം ഇത്. 1978ലാണ് ഈ സംഭവം എന്നോര്‍ക്കണം. സാങ്കേതിക വിദ്യകളൊന്നും പുരോഗമിക്കാത്തൊരു കാലം. പഠിപ്പിനും ജോലിക്കുമായി അമ്പതില്‍പ്പരം രാജ്യങ്ങളിലെ വിദേശികള്‍ തമ്പടിക്കുന്ന സ്ഥലംകൂടിയാണിത്. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അല്‍പം എ.ബി.സി.ഡി കൂടി അറിയണ്ടേ?
സ്‌കൂളിന്റെ പടി കാണാത്തതില്‍ അന്നാദ്യമായി ആ മനുഷ്യന് തന്നോട് തന്നെ ദേഷ്യം തോന്നി. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി. ഇത് തന്റെ മാത്രം പ്രശ്‌നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്‌നമാണ്. ഇനിയങ്ങോട്ടുള്ള കാലവും തന്റെ ഗ്രാമം അറിവില്ലാത്തവരാല്‍ നിറയുന്നത് അയാളുടെ ഉറക്കം കെടുത്തി. പല രാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണര്‍ന്നു. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ ജീവിതം അസാധ്യമാവരുത്. അയാള്‍ തീരുമാനിച്ചു.

തുടക്കം പള്ളിക്കെട്ടിടത്തില്‍

എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. ഹജ്ജബ്ബ തന്റെ കിനാവിന്റെ പുലര്‍ച്ചയിലേക്കൊരു പാലമിട്ടു. ഉറുമ്പ് ആഹാരം ശേഖരിക്കും പോലെ അയാള്‍ തന്റെ കീശയിലെ മുഷിഞ്ഞ നോട്ടുകള്‍ മിച്ചംവച്ചു തുടങ്ങി. ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലുപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി.


പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നില്ല. സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടേ? കളിച്ചും പണിയെടുത്തും നക്കുന്ന ബാല്യങ്ങളെ മണിക്കൂറുകള്‍ ഒറ്റമുറിയില്‍ തളച്ചിടണം. തങ്ങളുടെ കളി വെടിഞ്ഞുവരാന്‍ കുട്ടികള്‍ക്ക് താല്‍പര്യമില്ല. നാലു കാശ് സമ്പാദിക്കുന്ന സമയം മക്കളെ അക്ഷരം പുകക്കാനിടാന്‍ രക്ഷിതാക്കള്‍ക്കുമില്ല താല്‍പര്യം. ഹജ്ജബ്ബ വിട്ടില്ല. ഓരോ രക്ഷിതാക്കളെയും കണ്ടു. പഠനത്തിന്റെ ആവശ്യകത അവരെ പറഞ്ഞു മനസിലാക്കി. അങ്ങനെ 28 കുട്ടികളെ ഹജ്ജബ്ബ ഒപ്പിച്ചു. അവരെ പഠിപ്പിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ശമ്പളം കൊടുത്ത് ഒരു അധ്യാപികയെയും നിയമിച്ചു. അങ്ങനെ പഠനം തുടങ്ങി.

നിയമത്തിന്റെ നൂലാമാലകള്‍

അടുത്ത കടമ്പ സ്‌കൂളിന്റെ അംഗീകാരമായിരുന്നു. ഇതിനും ഹജ്ജബ്ബ തന്നെ ഒറ്റക്കിറങ്ങി. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി. ഒരു കടലാസിനായി പലദിവസം അലയണം. ഓറഞ്ചുകച്ചവടം പലപ്പോഴും മുടങ്ങി. വീട് പട്ടിണിയായി. ഒരു കൈ സഹായത്തിനായി ഭാര്യയും മക്കളും ബീഡിപ്പണിക്ക് പോകാന്‍തുടങ്ങി. പിന്നേയും രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ സ്‌കൂളിന് അനുമതി ലഭിച്ചത്. എന്നിട്ടും തീര്‍ന്നില്ല. അംഗീകാരം നിലനില്‍ക്കണമെങ്കില്‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പല വാതിലുകള്‍ മുട്ടി. കുറേ കടംവാങ്ങി. ഒടുവില്‍ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി. അന്തരിച്ച എം.എല്‍.എ യു.ടി ഫരീദും കൂടെ നിന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്തു.

സഹായങ്ങള്‍ വന്നു
പുരസ്‌കാരങ്ങളും

ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. 'കന്നഡപ്രഭ' എന്ന പത്രമാണ് ഇതിന് തുടക്കംകുറിച്ചത്. അവരുടെ ഒരു ലക്ഷംരൂപയുടെ 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആ വര്‍ഷം ഹജ്ജബ്ബക്ക് ലഭിച്ചു. സി.എന്‍.എന്‍- ഐ.ബി.എന്‍ ചാനലിന്റെ 2007 ലെ 'ദ റിയല്‍ ഹീറോ' പുരസ്‌കാരവും കിട്ടി. ബോളിവുഡ് നായകന്‍ ആമിര്‍ഖാനായിരുന്നു ഈ പരിപാടിയുടെ അവതാരകന്‍. ഈ പരിപാടിയില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ് ഇംഗ്ലീഷില്‍ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞത്. 'ദ റിയല്‍ ഹീറോ' അവാര്‍ഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്‌കൂള്‍ ഫണ്ടിലേക്ക് നല്‍കി. ചോര്‍ന്നൊലിക്കുന്ന തന്റെ കൊച്ചുവീടിന്റെ ഉമ്മറത്തിരുന്ന് അങ്ങനെ ആ കറുത്തു മെല്ലിച്ച മനുഷ്യന്‍ പിന്നേയും പിന്നേയും തന്റെ നാടിന്റെ വരുംതലമുറക്ക് പറക്കാനൊരാകാശം തീര്‍ക്കാന്‍ ചില്ലറത്തുട്ടുകള്‍ സ്വരുക്കൂട്ടിക്കൊണ്ടേയിരുന്നു.
അവാര്‍ഡ് കഥയറിഞ്ഞ് അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കര്‍ണാടക സര്‍ക്കാറിന്റെ 'രാജ്യോത്സവ്' അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 28 കുട്ടികളെ വച്ചു തുടങ്ങിയ സ്‌കൂളില്‍ ഇപ്പോള്‍ 175 പേര്‍ പഠിക്കുന്നുണ്ട്. പത്താം ക്ലാസ് വരെയാണ് സ്‌കൂളിലുള്ളത്.

സ്വപ്‌നത്തിലേക്ക് പറത്തിവിടുന്ന
ക്ലാസ് മുറികള്‍

ഒന്നരയേക്കര്‍ സ്ഥലത്താണ് ഇന്ന് ഹജ്ജബ്ബയുടെ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികള്‍. പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആറ് അധ്യാപികമാര്‍. മികച്ച സൗകര്യങ്ങളായതോടെ ഇവിടുത്തെ കുട്ടികള്‍ നല്ല വിജയശതമാനം നേടാനും തുടങ്ങിയിട്ടുണ്ട്.
ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികള്‍ക്ക്. ഡോ. രാധാകൃഷ്ണന്‍, കല്‍പന ചൗള, വിവേകാനന്ദന്‍... അങ്ങനെ പോകുന്നു ക്ലാസുകളുടെ പേരുകള്‍. നിരക്ഷരനായ ഒരു ഓറഞ്ചുകച്ചവടക്കാരന്റെ തലയില്‍നിന്നുവന്ന ആശയമാണ് ഇതെല്ലാം.

പാഠപുസ്തകത്തിലെ ഹജ്ജബ്ബ

മംഗളൂരു സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുടെ പാഠപുസ്‌കത്തില്‍ ഹജ്ജബ്ബയുടെ ജീവിതകഥയുണ്ട്. ശിവമോഗയിലെ കുവെമ്പു, ദാവണ്‍ഗരെ സര്‍വകലാശാലകളിലും ഹജ്ജബ്ബ പാഠ്യവിഷയമാണ്. 'നൂഡിവാണി' (മധുരാക്ഷരങ്ങള്‍) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൈമുതലായാല്‍ ഈ ലോകത്ത് ആര്‍ക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമാണ് ഹജ്ജബ്ബ. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച ബിസിനസായ ഇക്കാലത്ത്, വിദ്യാഭ്യാസത്തിനായി ഹജ്ജബ്ബ കൊണ്ട വെയിലും മഴയും മഞ്ഞും, അയാള്‍ നഗ്നപാദനായി നടന്നുതീര്‍ത്ത വഴികളും വലിയൊരു പാഠമാവുന്നു.

പത്മശ്രീ വാര്‍ത്തയെത്തി
റേഷന്‍ കടയില്‍ വരിനില്‍ക്ക്കുമ്പോള്‍

സാധനം വാങ്ങാന്‍ റേഷന്‍ കടയില്‍ നില്‍ക്കുമ്പോഴാണ് ഹജ്ജബ്ബയുടെ ജീവിതം മാറ്റിമറിച്ച ആ ഫോണ്‍ കോള്‍ എത്തിയത്. സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ട് ഭാഷയും അറിയാത്ത ഹജ്ജബ്ബ ഫോണ്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനു കൈമാറി. മറുതലക്കല്‍ നിന്നു കേട്ട വാക്കുകള്‍ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോള്‍ ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചിരുന്നില്ല. ഹജ്ജബ്ബയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള ഫോണ്‍കോളായിരുന്നു അത്.

നാരങ്ങാ മണമുള്ള കിനാക്കള്‍

66 വയസിനിടയില്‍ ആദ്യമായാണ് ഹജ്ജബ്ബ എന്ന നാരങ്ങ വില്‍പനക്കാരന്‍ മംഗളൂരുവിന് പുറത്തേക്കു പോകുന്നത്. രാഷ്ട്രപതിയില്‍ നിന്നു പത്മശ്രീ പുരസ്‌കാരം വാങ്ങാനായിരുന്നു യാത്ര. രാഷ്ട്രപതിയുടെ മുന്നിലെത്തിയപ്പോള്‍ ഹജ്ജബ്ബ വിറയ്ക്കുന്നുണ്ടായിരുന്നു. നഗ്നപാദനായിട്ടാണ് ചുവന്ന പരവതാനി വിരിച്ച ആ നിലത്തിലൂടെ അദ്ദേഹം നടന്നുനീങ്ങിയത്.


'പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍. സാധാരണ ഗ്രാമത്തില്‍, കുടുംബത്തില്‍ ജനിച്ചവന്‍. അത്തരത്തിലൊരാളാണ് ഈ വലിയ പുരസ്‌കാരം വാങ്ങാന്‍പോകുന്നത്. പുരസ്‌കാരം ലഭിച്ചപ്പോള്‍ എന്റെ രക്ഷിതാക്കളെ ഞാന്‍ ഓര്‍ത്തു. ചെരുപ്പോ എന്തിനേറെ, ഉടുതുണിക്ക് മറുതുണി പോലുമില്ലാത്ത എന്റെ നാട്ടുകാര്‍, അതുപോലത്തെ ആയിരങ്ങള്‍ എന്റെ മനസില്‍ നിറഞ്ഞു. രണ്ടു നേരത്തെ അന്നംപോലും ഇല്ലാത്തവര്‍. പിന്നെ ഞാനെങ്ങനെ ചെരുപ്പൊക്കെ ധരിച്ച് പുരസ്‌കാര വേദിയിലെത്തും'- കാല്‍പാദങ്ങള്‍ തടവി ഹജ്ജബ്ബ ചോദിക്കുന്നു.


ഇങ്ങനെയാണ് ഈ മനുഷ്യന്‍. തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളൊന്നും ഈ പച്ചമനുഷ്യനെ മാറ്റുന്നില്ല. പകരം അദ്ദേഹം കിനാക്കള്‍ കണ്ടുകൊണ്ടേയിരിക്കുകയാണ്. തന്റെ സ്‌കൂളിലെ പ്ലസ്ടു, ഗ്രാമത്തില്‍ ഇനിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ അങ്ങനെ അനേകായിരം കിനാക്കള്‍. ആ കിനാപ്പന്തലിലെല്ലാം ചെളിപുരളാത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന, വെയില്‍കൊണ്ട് കരുവാളിക്കാത്ത, തെളിഞ്ഞ മുഖങ്ങളുള്ള, വിശപ്പിന്റെ നോവില്ലാതെ നിറഞ്ഞുചിരിക്കുന്ന കുഞ്ഞുങ്ങളാണ്. ചെളിക്കുണ്ടില്‍ ജീവിതം തീര്‍ത്ത തന്റെ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ മക്കള്‍. കിനാവ് കാണുന്നത് ദക്ഷിണ കര്‍ണാടകക്കാരുടെ സ്വന്തം 'അക്ഷരങ്ങളുടെ വിശുദ്ധന്‍' ആവുമ്പോള്‍ വഴി മാറിയേ തീരൂ, എല്ലാ തടസങ്ങള്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago