തിരൂരങ്ങാടി കെഎംസിസി പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചു
ജിദ്ദ: 'നാടിൻ്റെ വികസനവും പ്രവാസി ക്ഷേമവും' എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ- തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ശ്രദ്ധേയമായി. പരിപാടി സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡൻ്റും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ വേഗത്തിലാക്കി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
കൂടാതെ പ്രവാസി പെൻഷൻ, പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന മറ്റു സേവനങ്ങൾ എന്നിവയുടെ തുക വർദ്ധിപ്പിക്കാനും വിവിധ പദ്ധതികളിൽ അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി എടുത്തു കളഞ്ഞ് എല്ലാവർക്കും ചേരാവുന്ന രീതിയിൽ ലഘൂകരിക്കാനും സർക്കാരിനോട് തിരൂരങ്ങാടി മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ടായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു.
ജിദ്ദയിലുള്ള തിരൂരങ്ങാടിക്കാരായ മുഴുവൻ ആളുകളേയും ഉൾകൊള്ളിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ വെച്ച് മുനിസിപ്പൽ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട കെ. പി മുഹമ്മദ് കുട്ടിയെ ചടങ്ങിൽ വെച്ച് ആദരിച്ചു. പി. കെ സുഹൈൽ ഷാൾ അണിയിച്ചു.
തുടർന്ന് നടന്ന മുനിസിപ്പൽ ചെയർമാനുമായി മുഖാമുഖം പരിപാടിയിൽ നാടിന്റെ വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, അതിന്മേൽ മുനിസിപ്പാലിറ്റി സ്വീകരിച്ച നടപടികൾ എന്നിവ യോഗം ചർച്ച ചെയ്തു.
വിവിധ സംഘടനാ ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, അലി അക്ബർ വേങ്ങര, സീതി കോളക്കാടൻ, സലാഹ് കാരടൻ, പി. കെ സുഹൈൽ, എം. സി കുഞ്ഞുട്ടി, ഹുസൈൻ തിരൂരങ്ങാടി, ഇക്ബാൽ വെന്നിയൂർ, ഉനൈസ് കരുമ്പിൽ, നൂർ പരപ്പനങ്ങാടി, ഷമീം താപ്പി, സാലി കോളക്കാടൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വിവാദ വഖഫ് ബോർഡ് നിയമം റദ്ദ് ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പി. കെ റഹൂഫ് പ്രമേയം അവതരിപ്പിച്ചു. ജാഫർ വെന്നിയൂർ സ്വാഗതവും പി. എം ബാവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."