മുന്നറിയിപ്പില്ലാതെ കൂട്ടഅവധി: 14 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി. പത്തനാപുരം യൂണിറ്റില്‍ 2024 ഏപ്രില്‍ 29, 30 തീയതികളില്‍ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവര്‍മാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്.
കെഎസ്ആര്‍ടിസി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."