മണിപ്പൂര്‍ കനലണയാത്ത ഒരാണ്ട്; കാഴ്ചക്കാരായി കേന്ദ്രം
മണിപ്പൂരിനു മേല്‍ അശാന്തി പെയ്തു തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. മണിക്കൂറുകള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയുമായിരുന്ന കലാപം മണിപ്പൂരിന്റെ സാമൂഹ്യജീവിതം കീഴ്‌മേല്‍ മറിച്ച ഒരാണ്ട്.
2023 മേയ് മൂന്നിനാണ് ഭൂരിപക്ഷ സമുദായമായ മെയ്‌തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. മെയ്‌തേയ് വിഭാഗക്കാരെ പട്ടികവര്‍ഗ പദവിയില്‍ ഉള്‍പെടുത്താനുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കുക്കി വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതാണ് കലാപത്തിന്റെ തുടക്കം . പിന്നെ രാജ്യം സാക്ഷിയായത് ഏറ്റവും ദൈര്‍ഘ്യമേറിയ കലാപത്തിന്റെ നാളുകള്‍. കിഴക്കിന്റെ രത്‌നം എന്നറിയപ്പെടുന്ന മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ കനല്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
സര്‍ക്കാര്‍ കണക്കുപ്രകാരം 219 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യഥാര്‍ഥ കണക്ക് ഇതിലേറെ വരും. കാണാതായവര്‍ 1200. വീടും സ്വത്തും നഷ്ടപ്പെട്ട് പലായനം ചെയ്യുകയോ അഭയാര്‍ഥി ക്യാംപുകളില്‍ അഭയംതേടുകയോ ചെയ്തവര്‍ ഒരു ലക്ഷത്തിലേറെ. കലാപം വിതച്ച ദുരിതക്കണക്കുകള്‍ ഹൃദയഭേദകമാണ്.രണ്ടായിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരകളായി, ആയിരത്തോളം വീടുകള്‍ കത്തി നശിച്ചു, ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായി അഭ്യര്‍ത്ഥി ക്യാംപുകള്‍ നിറഞ്ഞു. ചുരാചന്ദ്പൂരില്‍ സ്ത്രീകളെ ജനംകൂട്ടം നഗ്‌നരാക്കി ലൈംഗികാതിക്രമണത്തിന് ഇരകളാക്കിയത് രാജ്യത്തിന്റെ നൊമ്പരമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കലാപാന്തരീക്ഷത്തിന് നേരിയ ശമനമുണ്ടായിയെന്ന വാര്‍ത്തകള്‍ മണിപ്പൂരില്‍ നിന്ന് പുറത്തുവന്നെങ്കിലും വീണ്ടും അശാന്തി പുകയുന്നതായാണ് വിവരം. അത്യാധുനിക ആയുധങ്ങളുമായി ഇരുപക്ഷവും ആക്രമണത്തിനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്നാണ് വാര്‍ത്തകള്‍.
മണിപ്പൂരിലെ ജനസംഖ്യയില്‍ കൂടുതല്‍ വരുന്ന മെയ്തി വിഭാഗക്കാരെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് തിരികൊളുത്തിയത്. ഇതേ തുടര്‍ന്ന് ഗോത്ര വര്‍ഗ വിഭാഗക്കാരായ കുക്കി സോമി നാഗാ വംശജര്‍ രംഗത്തിറങ്ങുകയും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 90 ശതമാനം ഭൂമിയുടെയും ആധിപത്യം ഗോത്ര വിഭാഗങ്ങള്‍ക്കാണ്. പുറമെ സംവരണ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. 10 ശതമാനം ഭൂമിയില്‍ മാത്രമെ മെയ്തികള്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ. ഈ വൈരുധ്യം വര്‍ഷങ്ങളായി മണിപ്പൂരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. മെയ്തികള്‍ക്ക് സംവരണം വരുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുമെന്ന ആശങ്കയില്‍ നിന്നാണ് കുക്കി സോമി വിഭാഗക്കാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.
മെയ് മൂന്നിന് ചുരാചന്ദ്ചൂരില്‍ നൂറ് കണക്കിന് ഗോത്ര വിഭാഗക്കാര്‍ കോടതി ഉത്തരവിനെതിരേ പ്രകടനം നടത്തി. ഇതിനിടയില്‍ നുഴഞ്ഞു കയറിയ ചിലര്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. കലാപത്തില്‍ അസം റൈഫിള്‍സാണ് കുക്കികളുടെ രക്ഷകരായി എത്തിയത്. ഇതോടെ അസം റൈഫിള്‍സിനെതിരേ മെയ്തി വനിതകള്‍ രംഗത്തിറങ്ങി. തീവ്രവാദികളെന്ന് കണ്ടെത്തി പിടികൂടിയ ഏതാനും മെയ്തികളെ സ്ത്രീകള്‍ മോചിപ്പിക്കുകയും ചെയ്തു.
ഇംഫാല്‍ താഴ് വരയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഒരാളെയും പൊതുനിരത്തിലോ വാഹനങ്ങളിലോ കാണാനാകില്ല. നേരത്തെ വസ്തുക്കളും വീടുകളും സ്ഥാപനങ്ങളുമുണ്ടായിരുന്ന കുക്കി വിഭാഗത്തില്‍പ്പെട്ടവരൊക്കെയും താഴ് വരയില്‍ നിന്ന് ജീവനും കൊണ്ടോടി. ഇതേ അവസ്ഥയാണ് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂര്‍, കാംപേക്‌സി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞിരുന്ന മെയ്തി വിഭാഗത്തിലുള്ളവരുടെ അവസ്ഥ.
കുട്ടികള്‍ക്ക് സ്‌കൂളും പഠനവും നഷ്ടമായി. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി നഷ്ടമായി. പാടത്തെ നെല്ലും ചോളവും എതിരാളികള്‍ അഗ്‌നിക്കിരയാക്കിയതോടെ കര്‍ഷകര്‍ കൃഷിഭൂമിയില്‍ നിന്ന് മാറി. ചെറുകിടഇടത്തരം വ്യാപാര മേഖലകളാകെ സ്തംഭിച്ചു. ദിവസങ്ങളോളം പുറത്തിറങ്ങാനാകാതെ വന്നതോടെ പലര്‍ക്കും മാനസിക സമ്മര്‍ദവും വിഷാദരോഗവും ഉണ്ടായി. ശമനമില്ലാത്ത കലാപം കാരണം ജോലിയും കൂലിയുമില്ലാതായതോടെ മണിപ്പൂരിലെ വലിയവിഭാഗം ജനങ്ങളും പട്ടിണിയുടെ വക്കിലാണെന്ന് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വിവിധ മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ നടുക്കിയ കലാപത്തിനു മുന്നില്‍ പക്ഷേ മൗനം പാലിക്കുകയായിരുന്നു കേന്ദ്രം. കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം അതിനോട് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായില്ല. മണിപ്പൂരിന്റെ മുറിവുണക്കാന്‍ കേന്ദ്രസര്‍ക്കാരും മോദിയും ശ്രമിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മൗനം വെടിഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് മണിപ്പൂര്‍ പരാമര്‍ശിക്കാന്‍ പോലും മോദി തയാറായത്. അതും ചുരുങ്ങിയ വാക്കുകളില്‍. മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണീരു കാണാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയുടെ നടപടി അമ്പരിപ്പിച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചപ്പോള്‍ മണിപ്പൂരിലെ സ്ത്രീകളുടെ കണ്ണീര്‍ രാജ്യത്തിന്റെ കണ്ണീരാണെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍, തുടര്‍ന്നും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പ്രധാനമന്ത്രി തയാറായില്ല.
കലാപം അശാന്തി പടര്‍ത്തിയ മണിപ്പൂരില്‍ അരലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ദുരിത പൂര്‍ണമാണിവരുടെ ജീവിതം. ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന അനേകം കുക്കി ഉദ്യോഗസ്ഥരും ബിസിനസുകാരും ഇപ്പോഴും ക്യാംപുകളിലാണുള്ളത്. ഇംഫാല്‍ താഴ് വരയില്‍ താമസിച്ചിരുന്ന എല്ലാ കുക്കികളും ക്യാംപുകളിലോ ഇതര സംസ്ഥാനങ്ങളിലോ ആണ്. ഇംഫാല്‍ താഴ്‌വരയില്‍ മെയ്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ കുക്കികള്‍ ഇപ്പോഴും സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് കഴിയുന്നത്. പ്രദേശത്ത് ഇപ്പോഴും പടരുന്നത് അശാന്തിയും അക്രമവും തന്നെയാണ്. ഈ അശാന്തി എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."