'മോദി പ്രഭാവ'ത്തിലും കോണ്‍ഗ്രസിനൊപ്പം നിന്ന റായ്ബറേലി ഇന്ദിരയുടെ ചെറുമകനെയും ചേര്‍ത്തു പിടിക്കുമോ
ഒടുവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കാലുറപ്പിക്കാന്‍ രാഹുല്‍ റായ്ബറേലി തെരഞ്ഞെടുത്തിരിക്കുന്നു. നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്ന, രാജീവ് ഗാന്ധി കാലുറപ്പിച്ചുനിന്ന മണ്ണായ അമേത്തിയെ കൈവിട്ടാണ് രാഹുല്‍ റായ്ബറേലിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇനി റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടം. സ്മൃതി ഇറാനി പിടിച്ചെടുത്ത തങ്ങളുടെ കോട്ട തിരിച്ചെടുക്കാന്‍ രാഹുല്‍ വരുമെന്നു കാത്തിരുന്ന അമേത്തിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പക്ഷേ തീരുമാനം നിരാശരായി. രാഹുലിന്റെ വരവ് പ്രതീക്ഷിച്ചുയര്‍ത്തിയ ഫഌ്‌സുകള്‍ വെറുതേയായി. പക്ഷേ, റായ്ബറേയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സന്തോഷമാണ്, സോണിയക്ക് പകരം രാഹുല്‍ തന്നെയെത്തുന്നു എന്നത് അവര്‍ക്ക് അവേശം പകരുന്ന വാര്‍ത്തയാണ്.
ഗാന്ധി കുടുംബവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് യു.പിയിലെ റായ്ബറേലി മണ്ഡലം. മോദി പ്രഭാവം ആഞ്ഞടിച്ച 2014ല്‍ കോണ്‍ഗ്രസിനു യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേത്തിയും റായ്ബറേലിയും. 2019ല്‍ അമേത്തി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നു. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു തവണയൊഴികെ കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് റായ് ബറേലി. 1952 ല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയാണ് റായ്ബറേലിയില്‍ ആദ്യ വിജയം നേടുന്നത്. 1957 ലും ഫിറോസ് ഗാന്ധി വിജയം ആവര്‍ത്തിച്ചു.
ഫിറോസ് ഗാന്ധിയുടെ മരണശേഷം 1960 ല്‍ ആര്‍ പി സിങ്ങും 1962 ല്‍ ബൈജ്‌നാഥ് കുരീലും വിജയിച്ചു. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 1967 ല്‍ ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാനെത്തുകയും വിജയിക്കുകയും ചെയ്തു. 1971ലും ഇന്ദിര വിജയം തുടര്‍ന്നു.
എന്നാല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977 ലെ തെരഞ്ഞെടുപ്പില്‍ റായ്ബറേലി ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചു. ജനതാപാര്‍ട്ടിയുടെ രാജ് നാരായണ്‍ ആണ് ഇന്ദിരയെ പരാജയപ്പെടുത്തിയത്. എന്നാല്‍ 1980 ല്‍ ഇന്ദിര വീണ്ടും റായ്ബറേലിയില്‍ വിജയിച്ചു. മധേക്കില്‍ കൂടി വിജയിച്ച ഇന്ദിര റായ്ബറേലിയിലെ എംപിസ്ഥാനം കൈയൊഴിഞ്ഞു.
1980 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അരുണ്‍ നെഹ്‌റുവാണ് വിജയിച്ചത്. 1984 ലും അരുണ്‍ നെഹ്‌റു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991ലും നെഹ്‌റു കുടുംബത്തിലെ ബന്ധുവായ ഷീല കൗളാണ് വിജയിച്ചത്. 1996 ല്‍ അശോക് സിങ്ങിലൂടെ റായ് ബറേലി ബിജെപി പിടിച്ചെടുത്തു. 1998ലും അശോക് സിങ് വിജയം തുടര്‍ന്നു. 1999ല്‍ സതീഷ് ശര്‍മ്മയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിക്കുന്നത്.
2004 മുതല്‍ 2019 വരെ സോണിയാഗാന്ധിയാണ് തുടര്‍ച്ചയായി റായ്ബറേലിയില്‍ നിന്നും വിജയിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് റായ്ബറേലിയില്‍ രാഹുലിന് വഴിയൊരുങ്ങിയത്. ഏതായാലും ലഖ്‌നൗവില്‍ നിന്നും 82 കിലോമീറ്റര്‍ തെക്കു കിഴക്കായി സായി നദീതിരത്തുള്ള റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കാനായി രാഹുല്‍ എത്തുന്നതോടെ മണ്ഡലവും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയാണ്.
അതേസമയം, എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമായിരുന്നു അമേത്തിയും. 1980ല്‍ സഞ്ജയ് ഗാന്ധിയിലൂടെ ആരംഭിച്ചതാണ് നെഹ്‌റു കുടുംബവുമായുള്ള മണ്ഡലത്തിന്റെ ബന്ധം. അതിനുശേഷം രണ്ടേ രണ്ടുവട്ടം, 1991ലും 1996ലും സതീശ് ശര്‍മയിലൂടെ സീറ്റ് മറ്റൊരു കോണ്‍ഗ്രസ് നേതാവിലേക്ക് പോയെങ്കിലും 1999ല്‍ സോണിയ ഗാന്ധി ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അമേഠി തിരിഞ്ഞെടുത്തതോടെ, വീണ്ടും നെഹ്‌റു കുടുംബത്തിലേക്കു തിരിച്ചുവന്നു. ഇതിനിടയില്‍ 1998ല്‍ സഞ്ജയ് സിന്‍ഹയിലൂടെ ഒരുതവണ മണ്ഡലം ബിജെപി പക്ഷത്തേക്കും പോയി.
രാഹുല്‍ ഗാന്ധിക്കു തെരഞ്ഞെടുപ്പ് കളമൊരുക്കാനായാണ് സോണിയ ഗാന്ധി 2004ല്‍ അമേഠിയില്‍നിന്ന് റായ്ബറേലിയിലേക്കു മാറിയത്. തന്റെ ആദ്യ തെരഞ്ഞെടുപ്പായ 2004ല്‍ രാഹുല്‍ ഗാന്ധി നേടിയത് 3,90,179 വോട്ടാണ്. 66.18 ശതമാനം വോട്ട് വിഹിതം. രണ്ടാം സ്ഥാനത്ത് എത്തിയ ബിഎസ്പി 99,326 വോട്ട് നേടി. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിക്കു ലഭിച്ചത് വെറും 55,438 വോട്ട്. 2009ല്‍ 71 ശതമാനം വോട്ട് നേടിയ രാഹുലിന് പക്ഷേ 2014ല്‍ കിട്ടിയ വോട്ട് വിഹിതം 46.71 ശതമാനമായിരുന്നു. ഇ2004ല്‍ ഒന്‍പത് ശതമാനവും 2009ല്‍ അഞ്ച് ശതമാനവും മാത്രം വോട്ട് നേടിയ ബിജെപി 2014ല്‍ 34.38 ശതമാനം വോട്ട് നേടി. 28 ശതമാനത്തിന്റെ വര്‍ധന.
റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കുന്നതോടെ, ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണത്തെ ചെറുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. റായ്ബറേലി നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും അഭിമാനപ്പോരാട്ടമായി മാറും. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ, ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.അനിശ്ചിതത്വങ്ങള്‍ക്കും നിരന്തര ചര്‍ച്ചകള്‍ക്കും ശേഷമാണു റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതും, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."