അമേത്തിയിലെ കോൺഗ്രസ് ഓഫീസിനു നേരെ അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം
അമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും വാഹനങ്ങൾ അക്രമികൾ തല്ലി തകർത്തു. ഇന്നലെ അർധരാത്രിയോടെയാണ് അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവം നടക്കുമ്പോൾ പൊലിസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു.
ആക്രമത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായും കോൺഗ്രസ് അറിയിച്ചു. അക്രമത്തില്‍ നാട്ടുകാരുടെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അമേത്തിയിൽ ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങുമെന്നതിൻ്റെ തെളിവാണ് ഈ സംഭവമെന്നും കോൺഗ്രസ് പറയുന്നു.
"യുപിയിലെ അമേഠിയിൽ സ്മൃതി ഇറാനിയും ബിജെപി പ്രവർത്തകരും കടുത്ത ഭീതിയിലാണ്. തോൽവിയിൽ നിരാശരായ ബിജെപി ഗുണ്ടകൾ വടിയും ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു." - കോൺഗ്രസ് വ്യക്തമാക്കി.
അക്രമ സംഭവത്തിന് പിന്നാലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസിലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും ഓഫീസ് സന്ദർശിച്ചു. സംഘർഷ സാധ്യത തുടരുന്നതിനാൽ പ്രദേശത്ത് കൂടുതൽ പൊലിസ് സുരക്ഷയൊരുക്കുകയാണ്.
അതേസമയം, രാഹുല്‍ ഗാന്ധിക്ക് പകരം ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാൽ ശർമയാണ് (കെ.എൽ ശർമ) അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ശർമയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ബിജെപി പരക്കെ അക്രമം നടത്തുന്നതായാണ് വിവരം. പലയിടത്തും സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."