കേരള ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അപേക്ഷ ഇന്നു മുതല്‍; ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍ അറിയാം..
പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു മുതല്‍ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. പത്താം ക്ലാസ് മാര്‍ക്കുകളുടെ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (WGPA) കണക്കാക്കിയാണ് റാങ്ക് നിര്‍ണയം. WGPA തുല്യമായി വന്നാല്‍ അക്കാദമിക മെറിറ്റിന് മുന്‍തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകന് റാങ്കില്‍ പരിഗണന ലഭിക്കും.
പ്രവേശന യോഗ്യത
പത്താം ക്ലാസ് പരീക്ഷയില്‍ ഓരോ പേപ്പറിലും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യ മാര്‍ക്കോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2024 ജൂണ്‍ ഒന്നിന് 15 വയസ് പൂര്‍ത്തിയായിരിക്കണം. 20 വയസ് കവിയാന്‍ പാടില്ല. കേരളത്തിലെ പൊതുപരീക്ഷാ ബോര്‍ഡില്‍നിന്ന് ജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോര്‍ഡുകളുടെ പരീക്ഷ ജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ആറുമാസം വരെ ഇളവ് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് ലഭിക്കും. പട്ടിക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട് വര്‍ഷം വരെ ഇളവ് ലഭിക്കും.
അപേക്ഷ
hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വെബ്‌സൈറ്റിലെ PUBLIC എന്ന സെക്ഷനില്‍ പ്രോസ്പക്ടസ് അടക്കം വിശദവിവരങ്ങള്‍ ലഭ്യമാണ്.
create CANDIDATE LOGINSWS ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം.
മൊബൈല്‍ ഒ.ടി.പി വഴിയാണ് പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുന്നത്.
ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി.എന്നാല്‍ ഒന്നിലധികം ജില്ലകളില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാ ഫീസായ 25 രൂപ പ്രവേശന സമയത്ത് അടച്ചാല്‍ മതി.
സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. എന്നാല്‍ ഭിന്നശേഷിക്കാരും പത്താം ക്ലാസില്‍ other (കോഡ് 7) സ്‌കീമില്‍പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം.
അപേക്ഷയുടെ പ്രിന്റൗട്ട് സ്‌കൂളുകളില്‍ നല്‍കേണ്ടതില്ല. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് / അണ്‍എയിഡഡ് /കമ്മ്യൂണിറ്റി കോട്ടയിലെ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കേണ്ടതുണ്ട്.
വ്യത്യസ്ത കോംപിനേഷനുകള്‍
സയന്‍സ് (9), കൊമേഴ്‌സ്(4), ഹ്യുമാനിറ്റീസ് (32) വിഷയങ്ങളിലായി 45 കോംപിനേഷനുകളുണ്ട്. പ്രോസ്‌പെക്ടസ് പരിശോധിച്ച് അനുയോജ്യമായ സ്‌കൂളുകളും അവിടെയുള്ള വിഷയ കോമ്പിനേഷനുകളും മനസിലാക്കണം. പഠിക്കാനാഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഒരു സബ്ജക്റ്റ് കോംപിനേഷനും ചേര്‍ന്നതാണ് ഒരു ഓപ്ഷന്‍. എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. സി.ബി.എസ്.ഇ സിലബസില്‍ 'മാത്തമാറ്റിക്‌സ് സ്റ്റാന്‍ഡേര്‍ഡ് 'പാസായവര്‍ക്ക് മാത്രമേ ഹയര്‍സെക്കന്‍ഡറിയില്‍ മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട കോംപിനേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
അലോട്ട്‌മെന്റ്
അപേക്ഷാ സമര്‍പ്പണത്തില്‍ വരുന്ന പിഴവുകള്‍ കണ്ടെത്തി തിരുത്താനുള്ള അവസരമായി ട്രയല്‍ അലോട്ട്‌മെന്റ് പ്രയോജനപ്പെടുത്താം. 29 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 നും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12 നും മുഖ്യ അലോട്ട്‌മെന്റായ മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19 നും നടക്കും. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ആഗ്രഹിച്ച സ്‌കൂളും കോംപിനേഷനും ലഭിച്ചാല്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. അടുത്ത അലോട്ട്‌മെന്റിന് മാറ്റം ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. എന്നാല്‍ ജൂണ്‍ 19 ലെ മുഖ്യ അലോട്ട്‌മെന്റിന് മുമ്പ് അഡ്മിഷന്‍ സ്ഥിരമാക്കിയിരിക്കണം. ജൂണ്‍ 24ന് ക്ലാസ്സ് തുടങ്ങുമെങ്കിലും സപ്ലിമെന്ററി അലോട്ട്‌മെന്റ് അടക്കം മെറിറ്റ് പ്രവേശനം ജൂലൈ 31 വരെ തുടരും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
പ്ലസ് ടു പഠനത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലുമൊരു തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്ന കോഴ്‌സാണ് വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി (VHSE). സ്വയം തൊഴില്‍ കണ്ടെത്താനും ഈ കോഴ്‌സ് ഉപകരിക്കും. വ്യത്യസ്ത മേഖലകളിലായി 48 തൊഴില്‍ ശാഖകളാണ് കോഴ്‌സിന്റെ ഭാഗമായുള്ളത്. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ പഠിക്കാന്‍ അവസരമുണ്ട്. ഹയര്‍സെക്കന്‍ഡറിക്കാര്‍ക്കുള്ള എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ലഭ്യമാണ്. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനത്തിന www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിലുണ്ട്. പ്രവേശന നടപടികള്‍ സമാനമാണ്. ജൂണ്‍ 5നാണ് ആദ്യ അലോട്ട്‌മെന്റ്. ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."