ബാര്‍ കോഴ: ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണം; ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ കത്ത്
തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കുന്ന ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത് നല്‍കി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തില്‍ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷണിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്.
ശബ്ദസന്ദേശത്തില്‍ പറയുന്നതിങ്ങനെ:
''പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."