വയനാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു
വയനാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൂതാടി പഞ്ചായത്തിലെ 3 വാർഡുകളിൽ 2 ദിവസത്തേക്കാണ് നിരോധനാജ്ഞ. കടുവയെ മയക്കുവെടി വെയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ആണ് ജൂൺ 24 വരെ 2, 16, 19 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം വയനാട്ടിൽ വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡി.എഫ്.ഒയെ നിയമിച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത്.കെ രാമനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ ഡി.എഫ്.ഒ ആയിരുന്ന ഷജ്‌ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.
വായനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ന് തന്നെ നിയമനം നടത്താൻ വനം മന്ത്രി നിർദേശം നൽകിയിരുന്നു.ഞായറാഴ്ച ആയിട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേൽ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."