സൈക്കോളജിയിൽ താൽപര്യമുണ്ടോ? നിറയെ പഠനാവസരങ്ങൾ, യോഗ്യതകൾ അറിയാം
മസ്തിഷ്‌കം, പെരുമാറ്റം, ചിന്താ പ്രക്രിയകള്‍ എന്നിവയെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വിശാലമായ പഠനമേഖലയാണ് സൈക്കോളജി അഥവാ മനശാസ്ത്ര പഠനം. സംഘര്‍ഷ ഭരിതമായ ആധുനിക ലോകത്ത് വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്.
ആകര്‍ഷകമായ വ്യക്തിത്വം, ക്ഷമാശീലം, പ്രശ്‌ന പരിഹാര ശേഷി, അനുകമ്പ, ആശയ വിനിമയ ശേഷി, സഹായ സന്നദ്ധത, അപഗ്രഥന പാടവം തുടങ്ങിയ ഗുണ വിശേഷങ്ങളുള്ള വ്യക്തികള്‍ക്ക് മികച്ച സൈക്കോളജിസ്റ്റുകളാകാന്‍ സാധിക്കും.
മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ് , വ്യവസായ സ്ഥാപനങ്ങള്‍, ജയിലുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സായുധ സേന, ലഹരി വിമുക്ത കേന്ദ്രങ്ങള്‍, മാനവ വികസന വിഭാഗം തുടങ്ങിയ മേഖലകളിലെല്ലാം സൈക്കോളജിസ്റ്റുകള്‍ക്ക് അവസരങ്ങളുണ്ട്.
ക്ലിനിക്കല്‍ സൈക്കോളജി, കൗണ്‍സിലിങ് സൈക്കോളജി, ന്യൂറോ സൈക്കോളജി, ചൈല്‍ഡ് സൈക്കോളജി, കോഗ്‌നിറ്റീവ് സൈക്കോളജി, ഫോറന്‍സിക് സൈക്കോളജി,സ്‌പോര്‍ട്‌സ് സൈക്കോളജി, ഓര്‍ഗനൈസേഷന്‍/ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി, സോഷ്യല്‍ സൈക്കോളജി, ഹെല്‍ത്ത് സൈക്കോളജി, പോസിറ്റീവ് സൈക്കോളജി, ഡവലപ്‌മെന്റല്‍ സൈക്കോളജി,സൈക്കോ ഓങ്കോളജി, എക്‌സ്പരിമെന്റല്‍ സൈക്കോളജി, ഒക്യുപേഷണല്‍ സൈക്കോളജി തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകള്‍ ഈ മേഖലയിലുണ്ട്. ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും ഇത്തരം മേഖലകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
പഠനാവസരങ്ങള്‍
സൈക്കോളജിയിലെ ബിരുദത്തിനു ശേഷം ബിരുദാനന്തര ബിരുദമാണ് സൈക്കോളജിസ്റ്റിന്റെ അടിസ്ഥാന യോഗ്യത. ബിരുദാനന്തര പഠനത്തിന് താല്‍പര്യമനുസരിച്ച് വിവിധ സ്‌പെഷലൈസേഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. പി.ജി പഠനത്തിന് ശേഷമുള്ള ഗവേഷണ പ്രോഗ്രാമുകള്‍, പി.ജി ഡിപ്ലോമ പ്രോഗ്രാമുകള്‍ തുടങ്ങിയവയും വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. പുതിയ പഠന പദ്ധതി പ്രകാരം (FYUGP) നാല് വര്‍ഷം കൊണ്ട് ഹോണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം നേടി, നേരിട്ട് റിസര്‍ച്ച് ചെയ്യാനും അവസരമുണ്ട്.
ബിരുദ തലത്തില്‍ സൈക്കോളജി പഠിക്കാന്‍ വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകള്‍, പ്രൈവറ്റ് യൂനിവേഴ്‌സിറ്റികള്‍ തുടങ്ങിയവ പരിഗണിക്കാവുന്നതാണ്. ഒട്ടുമിക്ക പുതിയ സ്ഥാപനങ്ങളിലും ബിരുദ തലത്തില്‍ ബി.എസ്.സി സൈക്കോളജിയും പഴയ സ്ഥാപനങ്ങളില്‍ ബി.എ സൈക്കോളജിയുമാണുള്ളത് . പഠന വിഷയങ്ങളിലും സിലബസുകളിലും കാര്യമായ വ്യത്യാസമില്ലാത്തതുകൊണ്ട് തന്നെ ബി.എയും ബി.എസ് സി യും തുല്യമൂല്യമുള്ള പ്രോഗ്രാമുകള്‍ തന്നെയാണ്.
പ്ലസ്ടു തലത്തില്‍ ഏത് സ്ട്രീമില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കും സൈക്കോളജി ബിരുദമെടുക്കാമെങ്കിലും പ്ലസ്ടുവില്‍ സൈക്കോളജി ഒരു വിഷയമായി പഠിച്ചവര്‍ക്ക് ബിരുദ പ്രവേശനത്തിന് പരിഗണന ലഭിക്കാറുണ്ട്.
ഡല്‍ഹി യൂനിവേഴ്‌സിറ്റി, അശോക യൂനിവേഴ്‌സിറ്റി, ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി, അംബേദ്കര്‍ യൂനിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്‌ലാമിയ, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി തുടങ്ങിയവ സൈക്കോളജി ബിരുദം നല്‍കുന്ന മികച്ച സ്ഥാപനങ്ങളാണ്. സി.യു.ഇ.ടി യു.ജി (CUET UG) യാണ് പ്രധാന പ്രവേശന പരീക്ഷ. കേരളത്തില്‍ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളില്‍ അതത് യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന ഏകജാലകം വഴിയാണ് പ്രവേശനം.
ഓട്ടോണമസ് കോളജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. യു.സി കോളജ് ആലുവ, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് (ഓട്ടോണമസ്), പ്രജ്യോതി നികേതന്‍ കോളജ് പുതുക്കാട്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി (ഓട്ടോണമസ് ), ഗവണ്‍മെന്റ് വുമന്‍സ് കോളജ് വഴുതക്കാട്, കെ.ഇ മാന്നാനം കോളജ്, ലിസ കോളജ് കൈതപ്പൊയില്‍, ഫാത്തിമ മാതാ നാഷണല്‍ കോളജ് കൊല്ലം, WIRAS വെളിയങ്കോട് (കണ്ണൂര്‍) തുടങ്ങിയ സ്ഥാപനങ്ങള്‍ ബിരുദ പ്രോഗ്രാമുകള്‍ക്ക് പരിഗണിക്കാവുന്നതാണ്.
സൈക്കോളജിയില്‍ ബിരുദാനന്തര പഠനത്തിന് ഡല്‍ഹി യൂനിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി, അലിഗഡ് മുസ് ലിം യൂനിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യുനിവേഴ്‌സിറ്റി അടക്കമുള്ള വിവിധ കേന്ദ്ര സര്‍വകലാശാലകള്‍ , ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, മണിപ്പാല്‍ യൂനിവേഴ്‌സിറ്റി, ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി, ചെന്നൈ ലയോള കോളജ്, അമിറ്റി യൂനിവേഴ്‌സിറ്റി, യൂനിവേഴ്സ്റ്റി ഓഫ് കല്‍ക്കത്ത, ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്. ഒട്ടുമിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷകളുണ്ട്.
സി.യു.ഇ.ടി പി.ജി (CUET PG) യാണ് പ്രധാന പ്രവേശന പരീക്ഷ. കേരളത്തില്‍ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളിലേക്കും യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്.
ഏറ്റവും പ്രൊഫഷണല്‍ സാധ്യതയുള്ള മേഖലയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകാന്‍ സൈക്കോളജിയില്‍ പി.ജിയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (RCI) അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് എം.ഫില്‍ പ്രോഗ്രാം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഓഫ് സൈക്കോളജി (M.Psy), ഡോക്ടര്‍ ഓഫ് സൈക്കോളജി (PsyD), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ക്ലിനിക്കല്‍ സൈക്കോളജി) എന്നീ മൂന്ന് കോഴ്‌സുകള്‍ വഴി RCI രജിസ്‌ട്രേഷനോടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി മാറാന്‍ സാധിക്കും.
വിവിധ കേന്ദ്ര സര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, എന്‍.ഐ.ടികള്‍, സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികള്‍, ടിസ്സ്, നിംഹാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സൈക്കോളജി മേഖലയില്‍ റിസര്‍ച്ചിനും അവസരങ്ങളുണ്ട്.
സൈക്കോളജി പഠിച്ചവര്‍ക്ക് കോഗ്‌നിറ്റീവ് സയന്‍സ്, ന്യൂറോ സയന്‍സ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, പോപ്പുലേഷന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ്, ഹ്യൂമന്‍ റൈറ്റ്‌സ് തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറാനും അവസരമുണ്ട്.
വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് യു.എസ്, യു.കെ, കാനഡ,ആസ്ട്രീയ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, നെതര്‍ലാന്റ്, ആസ്‌ട്രേലിയ, സ്വീഡന്‍,സിംഗപൂര്‍, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ പരിഗണിക്കാവുന്നതാണ്. Coursera, Udactiy, Future Learn, Udemy, edx ,Khan Academy Harvard online Learning തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും വിവിധ പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്. ഇഗ്‌നോ (IGNOU) അടക്കമുള്ള വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിദൂര പഠന രീതിയില്‍ സൈക്കോളജിയില്‍ ഡിഗ്രി, പി.ജി പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."