കെജ്‌രിവാളിന് ഇടക്കാല ജാമ്യം; ജയിലില്‍ തന്നെ തുടരും
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, സി.ബി.ഐ കേസുള്ളതിനാല്‍ അദ്ദേഹം ജയില്‍ മോചിതനാവില്ല.
അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കെജ്‌രിവാളിന്റെ വാദം. കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹരജിയില്‍ വാദം കേട്ടിരുന്നു. തുടര്‍ന്നു വിധിപറയാനായി മാറ്റുകയായിരുന്നു.
നേരത്തെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിനു പിന്നാലെ ജൂണ്‍ മൂന്നിന് അദ്ദേഹം ജയിലിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ജൂണ്‍ 20ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇ.ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇ.ഡി ആവശ്യപ്രകാരം വിചാരണാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
2022 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ ഡല്‍ഹി അഴിമതിക്കേസില്‍ 2023 മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ജൂണ്‍ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."