ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്ന് പ്രഖ്യാപിക്കും; തോട് ശുചീകരണത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം നാളെ
തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം സംസ്ഥാന സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും. രാവിലെ 11 മണിക്കാണ് ക്യാബിനറ്റ്. ഇതിന് പിന്നാലെയാകും പ്രഖ്യാപനം ഉണ്ടാവുക.
എന്നാൽ, ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും അതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ പ്ലാറ്റ്ഫോമിനടിയിലെ 117 മീറ്ററിലെ മാലിന്യത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന നിലപാടിലാണ് റെയിൽവേ. ജോയിയുടെ മരണശേഷവും സംസ്ഥാന സർക്കാരും റെയിൽവേയും തിരുവനന്തപുരം നഗരസഭയും പരസ്പരം പഴിചാരൽ തുടരുകയാണ്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഈ പഴിചാരലിനും രാഷ്ട്രീയ വാക്പോരിനുമെതിരെ വിമർശനവുമുയരുന്നുണ്ട്.
അതേസമയം, തലസ്ഥാനത്തെ തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവരോടൊപ്പം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."