വേഗത്തിന്റെ രാജാവ് അമേരിക്കയ്ക്ക് സ്വന്തം; 100 മീറ്ററിൽ നോഹ ലൈൽസിന് സ്വർണം
പാരിസ്: ഒളിംപിക്സിൽ അമേരിക്കയുടെ നോഹ ലൈൽസ് ഏറ്റവും വേഗമേറിയ താരം. പുരുഷൻമാരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ 9.784 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണമെഡൽ കരസ്ഥമാക്കിയത്. കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈൽസിന്റെ മെഡൽ നേട്ടം.
ജമൈക്കയുടെ കിഷെയ്ൻ തോംസണിനാണ് വെള്ളി. 9.789 സെക്കൻഡിലാണ് കിഷെയ്ൻ തോംസൺ ഫിനിഷ് ചെയ്തത്. കിഷെയ്ൻ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ ലൈൽസ് പിന്തള്ളിയത്.
അമേരിക്കയുടെ തന്നെ ഫ്രഡ് കെർലി വെങ്കലവും സ്വന്തമാക്കി. ഫ്രഡ് കെർലി 9.81 സെക്കന്റിൽ ഫിനിഷ് ചെയ്തു. ടോക്യോ ഒളിംപിക്സിലെ ചാമ്പ്യൻ ആയിരുന്ന ലമോന്റ് മാഴ്‌സെൽ ജേക്കബ്‌സിന് (9.85) ഇത്തവണ അഞ്ചാമതായിഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു.
അതേസമയം, ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്ക പുരുഷൻമാരുടെ 100 മീറ്ററിൽ ഗോൾഡ് മെഡൽ നേടുന്നത്. 100 മീറ്ററിലും 200 മീറ്ററിലും നിലവിലെ ലോക ചാമ്പ്യനായാണ് നോഹ ലൈൽസ് മത്സരത്തിനിറങ്ങിയത്. നോഹയുടെ ആദ്യ ഒളിംപിക്സ് സ്വർണ മെഡലാണിത്. ടോക്യോ ഒളിംപിക്സിൽ 200 മീറ്ററിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."