നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍; ഇവരെല്ലാവരും എന്റെ ബന്ധുക്കള്‍ തന്നെയെന്നു നെഞ്ചുപൊട്ടി പറഞ്ഞു ഷൈജ
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മണ്ണില്‍ പുതഞ്ഞ മനുഷ്യശരീരങ്ങളില്‍ നൂറോളം പേരെയും തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍ ഷൈജ ബേബി. ഒന്‍പത് ബന്ധുക്കളെയാണ് ഉരുള്‍പൊട്ടലില്‍ ഷൈജയ്ക്ക് നഷ്ടമായത്. ആ 9 പേര്‍ മാത്രമല്ല, ഈ 100 പേരും എന്റെ ബന്ധുക്കളാണ് -ഷൈജ നെഞ്ചുപൊട്ടി പറഞ്ഞു. ചൂരല്‍മലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം കഴിച്ചുവന്നത്.
അതുകൊണ്ട് ചൂരല്‍മലക്കാരെയും അറിയാം. കടബാധ്യത കാരണം 2005ല്‍ ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേര്‍ത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാര്‍ തന്നെയാണ്. കുടുംബശ്രീയിലൂടെയാണ് ഷൈജയുടെ ജീവിതം മാറ്റിമറിച്ചത്. ചൈല്‍ഡ് ലൈനില്‍ നിന്ന് 2009 ലാണ് ആശാവര്‍ക്കറായി ഷൈജയ്ക്ക് ജോലി കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ല്‍ ഉരുള്‍പൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലര്‍ച്ചെ ഉരുള്‍പൊട്ടിയപ്പോള്‍ തന്നെ ഷൈജയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഉടന്‍ തന്നെ ഷൈജ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങള്‍ എത്തിത്തുടങ്ങി.
ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങിപ്പോയി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെല്ലാം കുടുംബാംഗങ്ങളെപ്പോലെയാണെനിക്ക്. അവരെ സഹായിക്കാനുള്ള എന്റെ അവസാന അവസരമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ഷൈജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."