'ഞാൻ തോറ്റു, ഇനി മത്സരിക്കാൻ ശക്തിയില്ല, എന്നോട് ക്ഷമിക്കൂ' - രാജി പ്രഖ്യാപനം നടത്തി വിനേഷ് ഫോഗട്ട്
പാരിസ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്കാളികൾ ഒരാളായ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. 'ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ ശക്തി ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു'. 'ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ' - താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച രാജി പ്രഖ്യാപനത്തിൽ കുറിച്ചു. ഒളിപിക്‌സിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം.
ഇന്നലെയാണ് ഇന്ത്യയുടെ സ്വര്ണപ്രതീക്ഷകൾക്ക് തിരിച്ചടിയായി ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടത്. വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയതായി വിധി വന്നതോടെ ഇന്ത്യൻ ആരാധകരും കായികലോകവും അവിശ്വസനീയ വാർത്ത കേട്ടെന്ന പോലെ ഞെട്ടി. പിന്നാലെ 100 ഗ്രാം കൂടിയതിനാൽ വിനേഷിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതായി അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷനെ അറിയിച്ചു.
തൂക്കം അധികമായതോടെ മത്സരനിയമം അനുസരിച്ച്, വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. ഇതോടെ ഉറപ്പായ ഒരു മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ ജപ്പാന്റെ യു സുസാകി അക്കമുള്ള താരങ്ങളെ തോൽപ്പിച്ചായിരുന്നു വിനേഷ് ഫൈനലിലെത്തിയത്. സെമിഫൈനലിനു മുൻപ് വിനേഷിന്റെ ഭാരം കൃത്യമായിരുന്നു. എന്നാൽ ഫൈനലിനു മുൻപ് താരത്തിന്റെ ഭാരം രണ്ടു കിലോയോളം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇതു കുറയ്ക്കാനായി രാത്രിയിൽ കഠിനപരിശ്രമം നടത്തിയിരുന്നു. ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയെങ്കിലും മത്സരത്തിനുമുൻപുള്ള ഭാരപരിശോധനയിൽ വിനേഷ് പരാജയപ്പെട്ടു.
29 കാരിയായ വിനേഷ് അയോഗ്യയാക്കപ്പെട്ടതോടെ 50 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനും ക്യൂബയുടെ ഗുസ്മാൻ ലോപസും ഫൈനലിൽ മത്സരിക്കും. വിനേഷിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും.
റിയോ ഒളിംപിക്‌സിൽ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ശേഷം 53 കിലോഗ്രാം വിഭാഗത്തിലും ഇറങ്ങിയിരുന്നു. ഇഷ്ടമത്സരം 53 കിലോഗ്രാം വിഭാഗത്തിലാണെങ്കിലും 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് പാരിസിൽ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."