ഇസ്‌റാഈലിനെതിരെ ദക്ഷിണാഫ്രിക്കയുടെ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു; കേസ് കൂടുതല്‍ ശക്തമാവും
ഗസ്സ: ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇസ്‌റാഈലിനെതിരേ യുദ്ധക്കുറ്റം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു. കേസില്‍ കൊളംബിയ, നിക്ക്വരാഗോ, സ്‌പെയിന്‍, ഫലസ്തീന്‍, ലിബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ നേരത്തെ കക്ഷിചേര്‍ന്നിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇതില്‍ കക്ഷിചേരുന്നത് ഇസ്‌റാഈലിനെതിരായ കേസ് ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
അതിനിടെ ഗസ്സയിലെങ്ങും ഇന്നലെയും വ്യാപക ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തിയത്. ദെയ്‌റുല്‍ ബലാഹില്‍ സുരക്ഷിത ഇടം തേടിയ ഫലസ്തീനികളെ ലക്ഷ്യംവച്ചും ആക്രമണമുണ്ടായി. ഖാന്‍യൂനുസിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് മേലും ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചു. ഇവിടുത്തെ പ്രശസ്തമായ വ്യാപരമേഖലയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. 24 മണിക്കൂറിനുള്ളില്‍ 24 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 110 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 39,677 ആയി. 91645 പേര്‍ക്കാണ് പരുക്കേറ്റത്.
അതേസമയം, ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന്റെ പുതിയ നേതാവായി യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഗസ്സ മുനമ്പിലെ മേധാവിയാണ് യഹ്‌യ സില്‍വാര്‍. കുട്ടിക്കാലത്ത് തന്നെ അധിനിവേശ സൈന്യത്തിന്റെ തടവറയില്‍ കഴിയേണ്ടിവന്ന അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ ആസൂത്രകനായാണ് ഇസ്‌റാഈല്‍ കരുതുന്നത്. യഹ്‌യ സിന്‍വാറിനെ ഉടന്‍ ഇല്ലാതാക്കുമെന്ന് ഇസ്‌റാഈല്‍ മന്ത്രി ഭീഷണിമുഴക്കിയിട്ടുണ്ട്.
വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ആറു സയണിസ്റ്റ് സൈനികര്‍ക്ക് പരുക്കേറ്റു. ഗോലാന്‍ കുന്നുകളിലും ഗൈലീപന്‍ഹന്ദിലുമാണ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഡ്രോണുകള്‍ ഷര്‍ഗ ക്യാംപിനും സമീപവും നഹാരിയ്യപ്രദേശത്തും ആക്രമണം നടത്തി. പരുക്കേറ്റ സൈനികരുടെ നില ഗുരുതരമല്ല.
ദക്ഷിണ ലബനാനിലെ ജോയയില്‍ ഇസ്‌റാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."