ബുദ്ധദേവിന്റെ വിയോഗം: സി.പി.എം രണ്ട് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു
തിരുവനന്തപുരം: അന്തരിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബംഗാളിലെ പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഗോവിന്ദന്‍ പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഇന്നത്തേയും നാളത്തേയും പൊതുപരിപാടികള്‍ മാറ്റിവെച്ചതായും കേരളത്തിലുടനീളം പാര്‍ട്ടി അനുശോചനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.
'സി.പി.എം. പി.ബി. അംഗമെന്ന നിലയിലും ബംഗാളിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക മേഖലയിലാകെ നിറഞ്ഞുനില്‍ക്കുന്ന ക്രാന്തദര്‍ശിയായ ചിന്തകനെന്ന നിലയിലുമെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ബുദ്ധദേവ് ഭട്ടാചാര്യയെ നന്നായി മനസിലാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. രൂപീകരണവേളയിലാണ് ഞങ്ങളൊക്കെ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബംഗാളിനെ പുതിയ നാടാക്കി രൂപപ്പെടുത്തുന്നതിന് പ്രായോഗികതലത്തില്‍ ഇടപെട്ട് മുമ്പോട്ടുപോയ ഒരു മാര്‍ക്സിസ്റ്റിനെയാണ് നഷ്ടമായിരിക്കുന്നത്.' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ബുദ്ധദേവിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അദ്ദേഹം പാര്‍ട്ടിക്കും ബംഗാളിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."