മോൻസൺ മാവുങ്കലിന്റെ കയ്യിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ വാങ്ങി; നടപടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാനെന്ന് ആഭ്യന്തര വകുപ്പ്
കൊച്ചി: വ്യാജ പുരാവസ്തുക്കൾ വഴി സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിൻറെ കയ്യിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ പണം പണം വാങ്ങിയ നടപടിയിൽ സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥൻ പണം വാങ്ങിയ നടപടി സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്നാണ് വകുപ്പിൻറെ കണ്ടെത്തൽ. അതിനാൽ സർക്കിൾ ഇൻസ്പെക്ടറായ ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്നാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തി.
കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനന്തലാൽ ആണ് പണം വാങ്ങിയത്. അഞ്ച് വർഷം മുൻപാണ് മോൻസൺ മാവുങ്കലിൽ നിന്നും ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ വാങ്ങുന്നത്. എന്നാൽ, താൻ കടം വാങ്ങിയ പണമാണിതെന്നായിരുന്നു അനന്തലാലിന്റെ വാദം.
പണം വാങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അനന്തലാൽ അനധികൃതമായി പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡി.ജി.പി, അനന്തലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, അനന്തലാൽ നൽകിയ പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് നടപടി ശരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൊലിസിൻറെ യശസ്സിന് തന്നെ കളങ്കം വരുത്തുന്ന നടപടിയാണിത് എന്നാണ് ആഭ്യന്തര വകുപ്പ് പ്രതികരിച്ചത്. മോൻസൻ മാവുങ്കലിൻറെ വീടിരിക്കുന്ന പരിധിയിലുള്ള സ്റ്റേഷനിൽ ജോലി ചെയ്തിട്ടില്ലാത്ത അനന്തലാൽ സ്വീകരിച്ച പണമാണ് സംശയമുയർത്തിയത്. പൊലിസ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശേഷിയുള്ള സ്വകാര്യ വ്യക്തിയിൽ നിന്ന് പണം വാങ്ങിയത്, നീതി നിർവഹണത്തിന് തടസ്സമാകുന്നതാണ് എന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.
നിരന്തര സാമ്പത്തിക കുറ്റകൃത്യം നടത്തുന്ന ഒരു വ്യക്തി ഒരു പൊലിസ് ഉദ്യോഗസ്ഥന് ഇത്രയധികം പണം നൽകുന്നത്, അദ്ദേഹത്തിൻറെ ഔദ്യോഗിക പദവി ഉപയോഗപ്പെടുത്താൻ ആയിരിക്കാമെന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ അനന്തലാലിൻറെ മൂന്നുവർഷത്തെ വാർഷിക ശമ്പള വർധന തടഞ്ഞുകൊണ്ടുള്ള അച്ചടക്കനട പടി നിലനിൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."