എവിടെയും 'പാര്‍ക്കാം'; ആരും ചോദിക്കില്ല
കണ്ണൂര്‍: നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതോര്‍ത്ത് പേടിക്കേണ്ട. എവിടെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാം. ആരും ചോദിക്കാനെത്തില്ല. നടപ്പാതകള്‍ കൈയേറിയും നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെയായും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ നഗരത്തില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ കേസെടുക്കേണ്ട ട്രാഫിക് പൊലിസാണെങ്കില്‍ നോട്ടമിടുന്നതു ബൈക്ക് യാത്രക്കാരെ മാത്രം. വാഹനങ്ങള്‍ ഓവുചാലുകള്‍ക്കു മുകളില്‍ നിര്‍ത്തിയിടുന്നതു പതിവായി പലയിടങ്ങളിലും സ്ലാബുകള്‍ തകര്‍ന്നിരിക്കുകയാണ്.
നടപ്പാതകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും പാത കൈയേറിയുള്ള അനധികൃത പാര്‍ക്കിങും കാല്‍നടയാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീതികുറഞ്ഞ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. നടപ്പാതകളിലെ സ്ലാബുകള്‍ തകര്‍ന്നതിനാല്‍ കണ്ണൊന്ന് തെറ്റിയാന്‍ ഓവുചാലില്‍ വീഴുന്ന സ്ഥിതിയുമുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, മുനീശ്വരന്‍ കോവില്‍, യോഗശാല റോഡ്, തെക്കീ ബസാര്‍, താവക്കര എന്നിവിടങ്ങളിലെ നടപ്പാതകളില്‍ യാത്രക്കാര്‍ക്ക് ചതിക്കുഴിയൊരുങ്ങിയിരിക്കുകയാണ്. മിക്കയിടങ്ങളിലും സ്ലാബുകള്‍ പൊട്ടി കമ്പികള്‍ പുറത്തു വന്നു. രാത്രി യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ദയനീയം. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ പൊട്ടിയ സ്ലാബുകളില്‍ കാലുകള്‍ തട്ടി മുറിവേല്‍ക്കുന്നതും പതിവാണ്. കാല്‍ടെക്‌സിലാണ് നടപ്പാത കൈയേറിയുള്ള വാഹന പാര്‍ക്കിങ് കൂടുതലും. തിരക്കേറിയ കാല്‍ടെക്‌സില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായിരുന്ന നടപ്പാതകള്‍ സമീപത്തെ കടകളിലേക്കും മറ്റുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ്. എന്‍.എസ് ടാക്കീസ് മുതല്‍ സി.എച്ച് സര്‍ക്കിള്‍ വരെ ഇത്തരം കാഴ്ചകള്‍ പതിവാണ്. കലക്ടറേറ്റിന്റെയും പൊലിസ് സ്റ്റേഷന്റെയും മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അനധികൃത പാര്‍ക്കിങ്ങിനെതിരേ അധികൃതര്‍ അനങ്ങാത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."