ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ പരുക്ക്. മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജെന്‍സന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് യുവാവുള്ളത്.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഇന്നലെ ഉച്ചക്ക് 3.30ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വിസ് നടത്തുന്ന ബട്ടര്‍ഫ്ളൈ എന്ന ബസ്സും ഓംനി വാനുമാണ് അപകടത്തില്‍പ്പെട്ടത്. അങ്കിത്, ലാവണ്യ, മാധവി, രത്മ, അനൂപ്, അനില്‍ കുമാര്‍, കുമാര്‍, ആര്യ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഓമ്നി വാന്‍ വെട്ടി പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ജെന്‍സണ്‍ ഒഴികെയുള്ളവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ജെന്‍സനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്. കല്‍പ്പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുകയാണ് ശ്രുതി. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."