ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി വാറന്റി കാലയളവിനുള്ളില്‍ റിപ്പയര്‍ ചെയ്ത് നല്‍കാത്തതില്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. സ്‌കൂട്ടറിന്റെ ബാറ്ററി തകരാറിലാവുകയും അത് റിപ്പയര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എതിര്‍കക്ഷി ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.
എറണാകുളം മഴവന്നൂര്‍ സ്വദേശി ജിജോ ജോര്‍ജ്, പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ബോസ് ഇലക്ട്രോ വീല്‍സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 59,990/ രൂപ നല്‍കിയാണ് പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും നിന്നും ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ആഗസ്റ്റില്‍ വാങ്ങിയത്.
സ്‌കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ വാങ്ങിയിട്ട് കുറച്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ ബാറ്ററി തകരാറിലായി. റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയര്‍ ചെയ്ത് നല്‍കുകയാണ് എതിര്‍കക്ഷി ചെയ്തത്. അതിനു ശേഷവും സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി, ഈ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നല്‍കി വാങ്ങുന്നതിന് പരാതിക്കാരന്‍ നിര്‍ബന്ധിതനായി.
തുടര്‍ന്നാണ് നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടു പരാതികാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. സ്‌കൂട്ടറിന്റെ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങാന്‍ പരാതിക്കാരന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് എതിര്‍കക്ഷികള്‍ സൃഷ്ടിച്ചത്. എതിര്‍കക്ഷിയുടെ ഈ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ വിലയായ 18,150/ രൂപയും, കോടതി ചിലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000/ രൂപയും 30 ദിവസത്തിനകം പരതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."