ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക; കറന്റ് ബില്ലും നന്നായി കുറയ്ക്കാം
ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍, ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പല തരത്തിലുള്ള ഫ്രിഡ്ജുകളും ഇന്നു വിപണിയില്‍ ലഭ്യമാണ്. ലക്ഷക്കണക്കിന് രൂപ വിലയുള്ളതു മുതല്‍ വളരെ വില കുറഞ്ഞവ വരെ ഇതില്‍ ഉള്‍പെടുന്നു. എന്നാല്‍, എല്ലാറ്റിന്റെയും അടിസ്ഥാന തത്വം ഒന്നുതന്നെയാണ്.
മിക്കവാറും എല്ലാ വീടുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഫ്രിഡ്ജ്. ലൈറ്റും ഫാനുമൊക്കെ ഒരു സമയം കഴിയുമ്പോള്‍ നമ്മള്‍ ഓഫ് ചെയ്യും. എന്നാല്‍ ഫ്രിഡ്‌ജോ, അത് ഓഫ് ചെയ്യുകയേ ഇല്ല. മാത്രമല്ല, ശരിയായ രീതിയില്‍ വൃത്തിയാക്കാതെയാണ് നമ്മള്‍ അത് പ്രവര്‍ത്തിപ്പിക്കുന്നതും.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ കറന്റ് ബില്ല് നന്നായി കുറയ്ക്കാന്‍ സാധിക്കും. ഫ്രിഡ്ജ് ദീര്‍ഘകാലം ഉപയോഗിക്കാനും പറ്റും. അതിനായി എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ മുതല്‍ നാലു മണിക്കൂര്‍ വരെ ഫ്രിഡ്ജ് ഓഫ് ചെയ്താല്‍ കറന്റ്ബില്ല് ഒരുപാട് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലം ഈ ഫ്രിഡ്ജ് നമുക്കുപയോഗിക്കുകയും ചെയ്യാം.
24 മണിക്കൂറും ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ അതിന് ഒരുപാട് പോരായ്മകള്‍ സംഭവിക്കാറുണ്ട്. ഫ്രിഡ്ജിനുള്ളില്‍ കംപ്രസര്‍ ആണ് തണുപ്പ് നല്‍കുന്നത്. ഇത് ഒരു കേയ്‌സിന് അകത്ത് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ്. 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ കംപ്രസറിന്റെ ഉള്ളിലെ കോയില്‍ അതിന്റെ കോട്ടിങ് ഇളകുകയും അതുമൂലം ഫ്രിഡ്ജില്‍ സ്പാര്‍ക്കിങ് ഉണ്ടാവുകയും അങ്ങനെ വരുമ്പോള്‍ വൈദ്യുതി അധികമായി എടുക്കുകയും ഫ്രിഡ്ജിന്റെ ബോര്‍ഡില്‍ നിന്ന് എര്‍ത്ത് അനുഭവപ്പെടുകയും ചെയ്യുന്നതാണ്.

എന്നാല്‍, ദിവസേന രണ്ടോ മൂന്നോ നാലോ മണിക്കൂര്‍ വരെ ഫ്രിഡ്ജ് ഒന്ന് ഓഫാക്കി ഇടുകയാണെങ്കില്‍ കംപ്രസര്‍ തണുക്കുകയും കംപ്രസറിന്റെ തേയ്മാനം കുറയുകയും ചെയ്യുന്നതാണ്. കറന്റ് ചാര്‍ജും കുറയും. മാത്രമല്ല ദീര്‍ഘകാലം ഫ്രിഡ്ജ് സുരക്ഷിതമായിരിക്കുകയും ചെയ്യും.
എപ്പോഴാണ് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടേണ്ടത്?
വൈകുന്നേരം 6 മണി മുതലാണ് ഫ്രിഡ്ജ് ഓഫാക്കി ഇടാന്‍ നല്ല സമയം. ഈ സമയം മുതല്‍ ഏകദേശം 9 മണിവരെ വൈദ്യുതി ലൈനില്‍ വോള്‍ട്ടേജ് വളരെ കുറവായിരിക്കും. 180 വോള്‍ട്ടില്‍ താഴെയായിരിക്കും വൈദ്യുതി വോള്‍ട്ട്. ആ വോള്‍ട്ടേജില്‍ സാധാരണ ഫ്രിഡ്ജുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കറന്റ് മതിയാവുകയില്ല.
അതുകൊണ്ട് കംപ്രസര്‍ മെല്ലെയേ പ്രവര്‍ത്തിക്കൂ. കംപ്രസറിന് ഗ്യാസിനെ തള്ളാനുള്ള കപ്പാസിറ്റി കിട്ടില്ല. അങ്ങനെ വരുമ്പോള്‍ കംപ്രസര്‍ പെട്ടെന്നു കേടുവരും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫ്രിഡ്ജ് ഓഫാക്കിയിട്ടാല്‍ ഫ്രിഡ്ജിനുണ്ടാകുന്ന വലിയൊരു പ്രഷര്‍ കുറയുകയും ഫ്രിഡ്ജിന്റെ ലൈഫ് വര്‍ധിക്കുകയും ചെയ്യും.
രണ്ടു രീതിയിലാണ് ഫ്രിഡ്ജുകളുള്ളത്. ഒന്ന്, ഡബിള്‍ ഡോര്‍ ഫ്രിഡ്ജും മറ്റൊന്ന് സിംഗിള്‍ ഡോര്‍ ഫ്രിഡ്ജുമാണ്. മത്സ്യവും മാംത്സവുമൊന്നും കഴുകാതെ ഫ്രിഡ്ജില്‍ വയ്ക്കുന്നവരാണ് കൂടുതല്‍ ആളുകളും. ഇങ്ങനെ വയ്ക്കുമ്പോള്‍ അതിലടങ്ങിയ പൊടികളും പീസുകളുമെല്ലാം ഫ്രീസറിനുള്ളിലേക്ക് ഇറങ്ങുകയും വെള്ളം പോകുന്ന ദ്വാരം അടയുകയും കട്ട പിടിക്കുകയും ചെയ്യും. മാത്രമല്ല വെള്ളം ഫ്രിഡ്ജിലേക്ക് വീഴുകയും ചെയ്യും. ഇങ്ങനെ വീഴുന്നവെള്ളം മതി ഇതിന്റെ അടിയില്‍ തുരുമ്പ് പിടിക്കാന്‍.

ഉപയോഗിച്ച് ബാക്കി വരുന്ന ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ രണ്ടു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. വയ്ക്കുമ്പോള്‍ എയര്‍ടൈറ്റ് ആയ കണ്ടെയ്‌നറുകളില്‍ തന്നെ സൂക്ഷിക്കണം. അതായത് അടച്ചു സൂക്ഷിക്കണം.
ഫ്രിഡ്ജില്‍ ബാക്ടീരിയ അങ്ങനെ തന്നെ നില്‍ക്കുന്നതാണ്, പെരുകില്ലെന്നേയുള്ളൂ.. അതുപോലെ ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വച്ചാല്‍ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതാണ്. അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. അതുപോലെ തേനും വയ്ക്കരുത്. ഇത് എത്ര വര്‍ഷമെടുത്താലും അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെയിരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."