മോദിയോട് ഖത്തര്‍ അമീറിന്റെ തമാശ, സുഹൃത്തുക്കളെപ്പോലുള്ള ഇരുരാഷ്ട്ര നേതാക്കളുടെയും വിഡിയോ വൈറല്‍ | Qatar Amir in India
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പ്രോട്ടോക്കോള്‍ ലംഘിച്ച്. അത്യപൂര്‍വമായാണ് പ്രധാനമന്ത്രി വിദേശരാഷ്ട്ര നേതാവിനെ നേരിട്ടെത്തി സ്വീകരിക്കാറുള്ളൂ. ലക്ഷക്കണക്കിന് പ്രവാസികള്‍ കഴിയുന്ന ഖത്തറിലെ അമീര്‍ ഇന്ത്യയിലെത്തിയപ്പോള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ നേരിടെത്തി മോദി സ്വീകരിക്കുകയായിരുന്നു. സ്വീകരണ സമയത്ത് അടുത്ത സുഹൃത്തുക്കളെന്നതു പോലുള്ള ഇരുനേതാക്കളുടെയും അടുത്തുള്ള ഇടപെടലിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
പരസ്പരം ആലിംഗനം ചെയ്ത് സംസാരിച്ച ഇരു നേതാക്കളും ഊഷ്മളമായ ബന്ധം പുതുക്കികൊണ്ട് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്ന കലാപ്രകടനം വീക്ഷിക്കുകയും ചെയ്തു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഹസ്തദാനം നല്‍കുന്നതിനിടെ ഖത്തര്‍ അമീറിന്റെ തമാശയ്ക്ക് മോദി അദ്ദേഹത്തിന്റെ പുറത്ത് തട്ടി പൊട്ടി ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
In an extremely rare gesture, PM Narendra Modi receives Amir of the State of Qatar upon his arrival in New Delhi. Modi went to Indira Gandhi International Airport, Delhi, to receive the #Amir of the State of Qatar, Sheikh Tamim Bin Hamad AL Thani. #IGI #NarendraModi #Qatar pic.twitter.com/kxncnBk8Yv
— Lokmat Times Nagpur (@LokmatTimes_ngp) February 17, 2025
എന്റെ സഹോദരന്‍ എന്നാണ് ഖത്തര്‍ അമീറിനെ സ്വാഗതംചെയ്ത് മോദി ട്വീറ്റ്‌ചെയ്തത്. 'ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ പോയി. അദ്ദേഹത്തിന് ഇന്ത്യയില്‍ ഫലവത്തായ താമസം ആശംസിക്കുന്നു, നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു- മോദി ട്വീറ്റ്‌ചെയ്തു.
ഇന്ന് ഖത്തര്‍ അമീര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ഖത്തര്‍ അമീറിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വിരുന്നും ഒരുക്കും.
മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധികളും ഉള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഖത്തര്‍ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. 2015 മാര്‍ച്ചില്‍ ആണ് മുമ്പ് അമീര് ഇന്ത്യയില്‍ വന്നത്. സമീപ വര്‍ഷങ്ങളില്‍, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) 48 ശതമാനവും നല്‍കുന്നത് ഖത്തര്‍ ആണ്. 202223 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 18.77 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരീദ അല്‍ കാബി ഈ മാസം ആദ്യം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ വലിയൊരു വിഭാഗം കഴിയുന്നത് ഖത്തറില്‍ ആയതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം പതിറ്റാണ്ടുകളായി ഏറെ ഊഷ്മളമാണ്. ഖത്തറില്‍ ഏകദേശം എട്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ട്. മെഡിക്കല്‍, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, ധനകാര്യം, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സംഭാവന ചെയ്യുന്ന ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇവര്‍.
അമീര്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇ വിസ (E-VISA APPLICATION PROCESS) സൗകര്യം ഏര്‍പ്പെടുത്തി ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്നലെ തീരുമാനം എടുത്തിരുന്നു. ഇ വിസ സമ്പ്രദായം നിലവില്‍ വന്നതോടെ വിനോദസഞ്ചാരത്തിനും ചികിത്സക്കും വ്യാപാര - വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ പൗരന്മാര്‍ക്ക് എളുപ്പത്തിലും കുറഞ്ഞ നടപടിക്രമങ്ങളിലൂടെയും ഇന്ത്യയില്‍ എത്താന്‍ സാധിക്കും. ഇതുവരെയുണ്ടായിരുന്ന രീതി അനുസരിച്ച് ഇന്ത്യയിലേക്ക് വിസ ആവശ്യമുള്ള ഖത്തര്‍ പൗരന്മാര്‍ എംബസിയില്‍ നേരിട്ട് എത്തി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറികള്‍ക്ക് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും ഇ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
വെബ്‌സൈറ്റ്: https://indianvisaonline.gov.in/evisa/
In Rare Gesture,Modi Receives Qatar Amir At Airport
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."