ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ നിർണായകമായ താരം അവനായിരിക്കും : മുൻ ഇന്ത്യൻ താരം
ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.
ഇപ്പോഴിതാ ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ നിർണായകമാവാൻ പോവുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മിമതി ബാലാജി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിങ് നിരയിൽ മികച്ച പ്രകടനം നടത്താൻ മുഹമ്മദ് ഷമിക്ക് സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടത്.
'2019, 2023 ലോകകപ്പുകളിൽ ബുംറ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലെയും മികച്ച ബൗളറാണ് അദ്ദേഹം. എന്നാൽ ഷമിക്ക് അനുഭവ സമ്പത്ത് ഉണ്ട്. ബുംറ ഇന്ത്യൻ ടീമിൽ വരുന്നതിനു മുമ്പ് തന്നെ ഇന്ത്യൻ ബൗളിങ്ങിനെ നയിച്ചിരുന്നത് ഷമിയാണ്. ഈ കാര്യം വളരെ പ്രധാനപ്പെട്ടതാണ്. മത്സരങ്ങളിൽ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തണമെങ്കിൽ ന്യൂ ബോളിൽ ഷമി മികച്ച പ്രകടനം നടത്തണം. തുടക്കത്തിലെ ആദ്യ ആറ് ഓവറിൽ ഷമിക്ക് എത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കുമോ അത് ഇന്ത്യക്ക് നിർണായകമാകും,' മുൻ ഇന്ത്യൻ താരം പറഞ്ഞു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."