ലബനാനില്‍ വട്ടമിട്ട് പറന്ന് ഇസ്റാഈൽ ഡ്രോണുകൾ; സേന പൂർണമായും പിന്മാറിയില്ല, തങ്ങളുടെ വടക്കൻ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനെന്ന് വിശദീകരണം
ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ലബനാനില്‍ നിന്നു ഇസ്റാഈല്‍ സൈന്യം പൂർണമായി പിന്മാറിയില്ല. ഭാഗികമാണ് പിന്മാറ്റം. തെക്കന്‍ ലബനാനിലെ അഞ്ചു പോസ്റ്റുകളില്‍ നിന്നാണ് സൈനിക പിന്മാറ്റമെന്ന് ലബനാന് ന്യൂസ് ഏജന്‍സി അറിയിച്ചു. ശീഈ ബന്ധമുള്ള ഹിസ്ബുല്ലയുമായി ഈയിടെ ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയിരുന്നു. ഇസ്റാഈലിലെ വടക്കന്‍ മേഖലയിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് കുറച്ച് സൈനികര്‍ ലബനാനില്‍ തുടരുന്നതെന്നാണ് ഇസ്റാഈല്‍ മന്ത്രിമാര്‍ നൽകുന്ന വിശദീകരണം.
ലബനാനിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും സേന തുടരുകയാണെന്നാണ് സൂചന. ഹിസ്ബുല്ല വെടിനിർത്തൽ കരാർ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സേന ലബനാനിലെ ബഫർ സോണുകളിൽ തുടരുമെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. അതിർത്തിയിലെ ഇസ്റാഈൽ ഭാഗത്ത് പുതിയ താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും കാറ്റ്സ് പറഞ്ഞു. വടക്കൻ ഇസ്റാഈലിലെ ജനങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ലബനാനിൽ തുടരാൻ യു.എസ് അനുമതി നൽകിയതായി ഇസ്റാഈൽ സേന വക്താവ് നദവ് ശൊഷാനി അവകാശപ്പെട്ടു. അതിനിടെ, ചൊവ്വാഴ്ച രാവിലെ നൂറുകണക്കിനു പേർ ദേർ മിമാസ്, ക്ഫാർ കില തുടങ്ങിയ ലബനാൻ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇസ്റാഈൽ ഡ്രോൺ പറത്തിയത് ആശങ്ക പരത്തി. വെടിനിർത്തൽ കരാർ സമയപരിധി കഴിഞ്ഞിട്ടും ഇസ്റാഈൽ സേനയെ പൂർണമായും പിൻവലിക്കാത്ത നടപടിക്കെതിരെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ രംഗത്തെത്തി.
ഇസ്റാഈല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ലബനാന് ആവശ്യപ്പെട്ടത്. ഇസ്റാഈല്‍ സൈന്യം പിന്‍മാറുന്നിടങ്ങളില്‍ ലബനാന് സൈന്യം നിലയുറപ്പിക്കണമെന്നാണ് ഇസ്റാഈലിന്റെ ആവശ്യം. ഇവിടെ ഹിസ്ബുല്ല താവളമാക്കാതിരിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, ലബനാന് സൈന്യം ഇവിടെ എത്തുന്നില്ലെന്നാണ് ഇസ്റാഈല്‍ ആരോപിക്കുന്നത്. തങ്ങളുടെ സൈനികരെ എവിടെ വിന്യസിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും അത് ഇസ്റാഈല്‍ തീരുമാനിക്കേണ്ടെന്നുമാണ് ലബനാന്റെ നിലപാട്. ഇസ്റാഈലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കി.മി അകലെയുള്ള ലിതാനി നദിക്കരയില്‍ ലബനാന് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ പതിറ്റാണ്ടുകളായി ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമാണ്. ഈയിടെ നടന്ന ആക്രമണത്തില്‍ ഇവിടെ ഹിസ്ബുല്ലയ്ക്ക് കനത്ത നാശമുണ്ടായെന്നാണ് ഇസ്റാഈല്‍ പറയുന്നത്. 1982 ല്‍ ഹിസ്ബുല്ല രൂപീകരിക്കപ്പെട്ട ശേഷം ഇത്ര ശക്തമായ ആക്രമണം നേരിടുന്നത് ഇതാദ്യമാണ്.
ഇസ്റാഈല്‍ ആക്രമണത്തില്‍ 3,960 പേര് ലബനാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലേറെയും സിവിലിയന്മാരാണ്. 10 ലക്ഷം പേര് വീടൊഴിഞ്ഞു പോയി. 80 ഇസ്റാഈല്‍ സൈനികരും 47 സിവിലിയന്മാരും ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഇസ്റാഈലില്‍ 60,000 പേരെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. വെടിനിര്‍ത്തലോടെ വീടൊഴിഞ്ഞു പോയ ലബനാനികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങി. ഇസ്റാഈലിലെ കുന്നുകളില്‍ സൈന്യത്തിന്റെ സാന്നിധ്യം ഇസ്റാഈല്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."