ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ആശുപത്രിയിൽ നിന്ന് വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി വിൽപന നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആശുപത്രിയുടെ സിസിടിവി നെറ്റ്‍വർക്ക് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ കൈക്കലാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി സ്വദേശിയായ രോഹിത് സിസോദിയയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ലേബർ റൂമിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് സംഘം കൈക്കലാക്കി വിറ്റത്. ചോർത്തിയ ദൃശ്യങ്ങൾ ക്യു.ആർ കോഡ് ആക്കി, ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതായാണ് പൊലീസ് കണ്ടെത്തിയത്.
ഫെബ്രുവരി 17നാണ് രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ ചോർത്തിയെന്ന പരാതി ലഭിച്ചത്. തുടർന്നുണ്ടായ അന്വേഷണത്തിൽ ആറ് പേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മൂന്നു യുട്യൂബ് ചാനലുകളിലൂടെയാണ് ദൃശ്യങ്ങൾ വിൽപന നടത്തിയത്. ചാനലുകളുടെ ഡിസ്ക്രിപ്ഷനിൽ ടെലഗ്രാം ഗ്രൂപ്പുകളുടെ ലിങ്ക് നൽകി, അവയിൽ ചേരുന്നവരിൽ നിന്ന് 2000 രൂപ വാങ്ങിയായിരുന്നു ഇടപാട്.
പിടിയിലായവരിൽനിന്ന് ആശുപത്രികൾ, ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അര ലക്ഷത്തിലധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചില വീടുകളിലെ സ്വകാര്യ സിസിടിവി ദൃശ്യങ്ങളും സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ കേസിൽ പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."