ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നരബലി. നാലുവയസ്സുകാരിയെ അയല്‍വാസി വീട്ടില്‍ നിന്ന് പിടിച്ചു വലിച്ചു കൊണ്ടു പോയി ബലി നല്‍കുകയായിരുന്നു. സംഭവത്തില്‍ ലാലാ ഭായി (42) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഛോട്ടാ ഉദേപൂരിലെ ബോദേലി ഗ്രാമത്തില്‍ ഇന്നലെയായിരുന്നു ഈ ക്രൂര സംഭവം. കുട്ടിയുടെ അമ്മയുടെയും ഗ്രാമവാസികളുടെയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.
ലാലാ ഭായിയുടെ വീടിനോട് ചേര്‍ന്ന് ക്ഷേത്രത്തിലാണ് ബലി നല്‍കിയത്. കുട്ടിയെ കൊലപ്പെടുത്തി ഇയാള്‍ രക്തം ക്ഷേത്രത്തിന്റെ പടവുകളില്‍ ഒഴിച്ചതായി അഡിഷണല്‍ പൊലിസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കുട്ടിയുടെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു ഇയാള്‍. ജോലിയില്‍ വ്യാപൃതയായിരുന്ന അമ്മ ഓടിവന്ന് തടയാന്‍ ശ്രമിച്ചു. ഒന്നരവയസുള്ള സഹോദരനാണ് ഇവരെ കൂടാതെ വീട്ടിലുണ്ടായിരുന്നത്. തടയാനുള്ള അമ്മയുടെ ശ്രമം പരാജയപ്പെട്ടു. അമ്മയുടെ മുന്നില്‍ വെച്ച് തന്നെ ഇയാള്‍ മഴുകൊണ്ട് പെണ്‍കുട്ടിയുടെ തലവെട്ടിമാറ്റിയ ശേഷം രക്തം ശേഖരിച്ച് ക്ഷേത്രത്തിനു മുന്നില്‍ നിവേദ്യമായി വെച്ചു- പൊലിസ് പറയുന്നു.
നരബലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസെന്ന് എ.എസ്.പി അഗര്‍വാള്‍ വ്യക്തമാക്കി. വീട്ടിനോട് ചേര്‍ന്ന ക്ഷേത്രത്തില്‍ നിന്നും പടികളില്‍ നിന്നും രക്തം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രതി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.
ഗ്രാമവാസികള്‍ നോക്കിനില്‍ക്കെയാണ് പെണ്‍കുട്ടിയെ പ്രതി വലിച്ചിഴച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ അയാളുടെ കയ്യില്‍ മഴു ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും തടയാന്‍ ധൈര്യമുണ്ടായില്ല.
ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നരബലിയുടെ ഭാഗമായാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."