ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില്‍ ഒരു ചുവട് കൂടി, സ്‌പേസ് എക്‌സിന്റെ ദഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഡോക്ക് ചെയ്തു
വാഷിങ്ടണ്‍: ഏറെ ആശങ്കകള്‍ക്ക് ശേഷം ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന സ്‌പേസ് എക്‌സിന്റെ ദൗത്യം ഒരു ഘട്ടം കൂടി പൂര്‍ത്തിയായി. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. പുതിയ ക്രൂ10 ദൗത്യത്തിനായുള്ള നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ 12:04നാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നായിരുന്നു ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ 10 ദൗത്യം വിക്ഷേപിച്ചത്.
ക്രൂ10 ദൗത്യത്തിന്റെ ഭാഗമായി നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്.
ഈ നാലംഗ സംഘത്തിന് ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം കൈമാറിയ ശേഷമായിരിക്കും സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുക. ക്രൂ 9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബനോവും ഇരുവര്‍ക്കുമൊപ്പം തിരിച്ചെത്തും.
എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നത് എന്നാല്‍ ഒമ്പത് മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് മടങ്ങാനാവാതെ വന്നതാണ് കാരണം.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.
ഡ്രാഗണ്‍ പേടകം എത്തിയതോടെ ബുധനാഴ്ച സുനിത വില്യംസും വില്‍മോറും ഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."