പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ
കൊച്ചി: പതിയെ വില കുറഞ്ഞേക്കുമെന്ന ഉപഭോക്താക്കളുടെ സകല പ്രതീക്ഷകളും തെറ്റിച്ചാണ് ഇന്നത്തെ സ്വര്‍ണ വിലയുടെ കുതിപ്പ്.സര്‍വകാല റെക്കോര്‍ഡാണ് ഇന്ന് സ്വര്‍ണം വിലയില്‍ തീര്‍ത്തിരിക്കുന്നത്. ആഗോള വിപണിയിലെ കുതിപ്പാണ് കേരളത്തെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും ഇതേ അവസ്ഥയാണോ എന്നാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക.
ഓഹരി വിപണികളും നേട്ടം രേഖപ്പെടുത്തി തുടങ്ങിയ ദിനമാണ് ഇന്ന്. എന്നാല്‍ ഡോളര്‍ സൂചിക മുന്നേറ്റം നടത്തിയിട്ടില്ല. രൂപയും മാറ്റമൊന്നും കാണിക്കുന്നില്ല. ഡോളര്‍ മൂല്യം വര്‍ധിക്കാത്തതാണ് സ്വര്‍ണ വില കൂടാന്‍ ഒരു കാരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങളും വിലക്കയറ്റത്തിന് കാരണമാണ്. കൂടാതെ യമനിലെ ഹൂത്തികള്‍ക്കെതിരെ അമേരിക്കന്‍ സൈന്യം ആക്രമണം തുടങ്ങിയത് അന്താരാഷ്ട്ര ചരക്കുകടത്ത് വെല്ലുവിളി നിറഞ്ഞതാക്കിയിരിക്കുകയാണ്. ചെങ്കടല്‍ വഴി ഇനി ചരക്കു കടത്ത് പ്രയാസമേറും എന്നതും വിപണിയെ ബാധിക്കുന്നു.
വരും നാളുകളില്‍ എന്താണ് സ്ഥിതിയെന്ന ഉപഭോക്താക്കളുടെ ആശങ്കക്ക് വലിയ പ്രതീക്ഷ വേണ്ടെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മറുപടി. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യതയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വില കുറയാനുള്ള സാധ്യത കാണുന്നില്ലെന്ന് ജ്വല്ലറി വ്യാപാരികള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കൂട്ടിയതാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവ് രേഖപ്പെടുത്താതിരിക്കാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്നത്തെ സ്വര്‍ണവില നോക്കാം...
ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8250 രൂപയാണ്. പവന് 320 രൂപ വര്‍ധിച്ച് 66000 രൂപയായി. ആഗോള തലത്തില്‍ സ്വര്‍ണം ഔണ്‍സിന് 3014 ഡോളറായി ഉയര്‍ന്നു. സ്വര്‍ണത്തിന് 3000 ഡോളര്‍ പിന്നിട്ടതും ലോക വിപണിയില്‍ പ്രധാന ചര്‍ച്ചയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6780 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയും കൂടിയിരിക്കുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. ഈ വര്‍ഷം സ്വര്‍ണം പോലെ തന്നെ വെള്ളിയുടെ വിലയും കൂടുമെന്നാണ് പ്രവചനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."