വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര്‍ പരസ്പരം വെടിയുതിര്‍ത്തു, ഒരാള്‍ക്ക് ദാരുണാന്ത്യം
പറ്റ്‌ന: ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ റായിയുടെ അനന്തരവന്മാര്‍ പരസ്പരം വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
സര്‍ക്കാര്‍ ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഇവരുടെ അമ്മയ്ക്കും വെടിയേറ്റതയാണ് വിവരം.
പര്‍ബട്ട പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ജഗത്പൂര്‍ ഗ്രാമത്തില്‍ രാവിലെ 7:30 ഓടെയാണ് സംഭവം. വികാല്‍ യാദവ് എന്നറിയപ്പെടുന്ന വിശ്വജീത് യാദവിന്റെയും സഹോദരന്‍ ജയ്ജീത് യാദവിന്റെയും ഭാര്യമാര്‍ തമ്മില്‍ വെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതു പിന്നീട് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു.
വിശ്വജീത് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് ജയ്ജീത്തിനെ വെടിവച്ചതോടെ തര്‍ക്കം രൂക്ഷമായി. ജയ്ജീത് പിസ്റ്റള്‍ തട്ടിയെടുക്കുകയും തിരിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ വിശ്വജിതിന്റെ അമ്മ ഹീന ദേവിക്കും വെടിയേറ്റു.
വിശ്വജീത് മരിച്ചതായി സബ് ഡിവിഷണല്‍ പൊലിസ് ഓഫീസര്‍ ഓം പ്രകാശ് സ്ഥിരീകരിച്ചു. അതേസമയം ജയ്ജീത് ഗുരുതര പരുക്കുകളോടെ പൊലിസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
'ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്,' ഓം പ്രകാശ് പറഞ്ഞു.
ജയ്ജീത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുമ്പ് ഒരു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പര്‍ബട്ട പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശംഭു കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."