ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി
നീലേശ്വരം (കാസർകോട്): കിനാനൂർ -കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാലിൽ വീട്ടമ്മ ആശുപത്രിയിലേക്ക് പോയ സമയം കേരള ബാങ്ക് സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട് വീട് ജപ്തി ചെയ്തു. സംഭവം പുറലോകമറിഞ്ഞതോടെ പ്രവാസി വ്യവസായി വായ്പ തിരിച്ചടച്ച് ജപ്തിയിൽ നിന്നും രക്ഷിച്ചു. പരപ്പച്ചാൽ ചേനറ്റാടി തൂക്കപ്പിലാവിൽ ജാനകിയ്ക്കാണ് ചേർത്തലയിലെ പ്രവാസി വ്യവസായി ഉണ്ണികൃഷ്ണൻ തുണയായത്.
കേരള ബാങ്ക് നീലേശ്വരം ശാഖയിൽ നിന്ന് ജാനകിയുടെ മകൻ വിജേഷ് എടുത്ത ലോൺ തുകയും ബാങ്ക് ചെലവുകളും ചേർത്ത് 2,90,000 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്.
പലിശ ഇനത്തിലെ 40,5000 രൂപ ബാങ്ക് ഇളവ് നൽകി. ബാക്കി തുക അടച്ച് ക്ലിയറൻസ് വാങ്ങി. ബാങ്ക് അധികൃതർ എത്തി വീട് തുറന്നു നൽകും.
ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയാണ് സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്തത്. ജാനകിയും മക്കളും ഏഴും മൂന്നും വയസുള്ള കുട്ടികളുമടക്കം വീടിന് പുറത്തായിരുന്നു രാത്രി ഉറങ്ങിയത്. അതേസമയം കോടതി നിർദേശപ്രകാരമാണ് നടപടിയെന്നാണ് ബാങ്കിന്റെ വിശദീകരണം. ജാനകിയും മകൻ വിജേഷും ഭാര്യയും വീട്ടിൽ എത്തിയപ്പോഴാണ് വീട് സീൽ ചെയ്ത നിലയിൽ കണ്ടത്.
2013 മാർച്ചിലാണ് വിജേഷ് രണ്ടുലക്ഷം രൂപ ലോണെടുത്തത്. എന്നാൽ ജൂൺ മുതൽ തന്നെ ലോൺ തിരിച്ചടവ് മുടക്കി. പിന്നീടിങ്ങോട്ട് 12 വർഷമായി പല തവണ ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ടെങ്കില്ലം കൂട്ടാക്കിയില്ലെന്ന് ബാങ്ക് മാനേജർ ഷാജി പട്ടേന പറഞ്ഞു. ലോൺ തിരിച്ചടവ് കാലാവധി കഴിഞ്ഞ് ഏഴ് വർഷം പിന്നിട്ട സാഹചര്യത്തിലാണ് ബാങ്ക് നിയമനടപടി സ്വീകരിച്ചത്. ഹൊസ്ദുർഗ് സി.ജെ.എം കോടതി തുക വസൂലാക്കാൻ വീടും സ്വത്തും കണ്ടു കെട്ടാൻ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."