പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി
തിരുനാവായ: പൊലിസ് ഡ്രൈവർ പ്രായോഗിക പരീക്ഷയിൽ ടെസ്റ്റിന് അനുവദിച്ച കെ.എസ്.ആർ.ടി.സിയുടെ 'ആന' ബസ് വളയ്ക്കാൻ പോലും കഴിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു. ഫലമോ പ്രായോഗിക പരീക്ഷയ്ക്ക് എത്തിയവർക്ക് കൂട്ടത്തോൽവി.
പൊലിസ് ഡ്രൈവർ, വനിതാ പൊലിസ് കോൺസ്റ്റബിൾ ഡ്രൈവർ പരീക്ഷയിൽ ചുരുക്കപ്പട്ടികയിൽ  ഉൾപ്പെട്ടവർക്കാണ് ഈ ദുരനുഭവം. ഈ മാസം നാല് മുതൽ ഏഴുവരെ കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ നടത്തിയ പ്രായോഗികപരീക്ഷയിൽ പങ്കെടുത്തവർക്കാണ് വളരെയധികം പഴക്കം ചെന്ന, ഫിറ്റ്നസ് ഇല്ലാത്ത ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചത്.
സീറ്റ് അഡ്‌ജസ്റ്റ് ചെയ്യാൻ കഴിയാത്ത വാഹനം വലതു വശത്തേക്കു വളരെക്കുറച്ചു മാത്രമേ വളയുന്നുണ്ടായിരുന്നുള്ളൂവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സ്‌റ്റിയറിങ് പകുതി വളയ്ക്കുമ്പോൾ നിശ്ചലമാകുന്ന അവസ്‌ഥയിലായതിനാൽ വലതുവശത്ത് എത്ര ചേർത്തു വളച്ചാലും എതിർവശത്തെ കമ്പിയിൽ തട്ടുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പങ്കെടുത്ത മിക്കവരും പരാജയപ്പെട്ടു.
 മറ്റു കേന്ദ്രങ്ങളിലെല്ലാം പുതിയ മോഡൽ ബോണറ്റ് ഗിയറുള്ള ബസ് നൽകിയപ്പോഴാണ് ഈ കേന്ദ്രത്തിൽ ദുരനുഭവം.
എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌ത് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട വാഹനമാണിതെന്ന് പിന്നീടു നടത്തിയ അന്വേഷണത്തിൽ മനസ്സിലായെന്നും, വാഹനത്തിന് ഇൻഷുറൻസ് കവറേജ്  മുടങ്ങിയിരുന്നുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സാങ്കേതിക തകരാറുള്ള വാഹനത്തിൽ പ്രായോഗിക പരീക്ഷ നടത്തിയതു കൊണ്ടാണ് പരാജയപ്പെട്ടതെന്നും ഈ സാഹചര്യത്തിൽ  ഒരവസരംകൂടി നൽകണമെന്നുമാണ് അവർ  ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."