കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്
പട്ന: കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിന് തൊട്ടുകൂടായ്മ. കനയ്യ കുമാര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ദുര്‍ഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് വൃത്തിയാക്കി. ബിഹാറിലെ സഹര്‍സ ജില്ലയിലെ ബാന്‍ഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് ഈ സംഭവമുണ്ടായത്.
'പലായനം തടയൂ, ജോലി നല്‍കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ബിഹാറിലുടനീളം പദയാത്ര നടത്തുകയാണ് കനയ്യ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാന്‍ഗാവിലെ ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തില്‍വെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് അടുത്ത ദിവസം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരു സംഘമെത്തി ഈ മണ്ഡപത്തില്‍ ഗംഗാജലം തളിച്ച് വൃത്തിയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ രൂക്ഷ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍.എസ്.എസും ബി.ജെ.പിയും പിന്തുണയ്ക്കുന്നവര്‍ മാത്രമാണോ ഭക്തര്‍ കോണ്‍ഗ്രസ് വക്താവ് ഗ്യാന്‍ രഞ്ജന്‍ ഗുപ്ത ചോദിച്ചു. ബാക്കിയുള്ളവര്‍ തൊട്ടുകൂടാത്തവരാണോ. ഇക്കാര്യം ഞങ്ങള്‍ക്ക് അറിയണം. പരശുരാമന്റെ പിന്‍ഗാമികളെ അപമാനിക്കുന്നതാണ് ഈ പ്രവൃത്തി. ബി.ജെ.പി ഇതര പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന പുതിയ തീവ്ര സംസ്‌കൃതവല്‍ക്കരണ കാലഘട്ടത്തിലേക്ക് നമ്മള്‍ പ്രവേശിച്ചോ' അദ്ദേഹം ചോദിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. ക്ഷേത്രം കഴുകി വൃത്തിയാക്കിയ സംഭവം ജനങ്ങള്‍ക്ക് കനയ്യയോടുള്ള എതിര്‍പ്പാണ് കാണിക്കുന്നതെന്നും ബി.ജെ.പി വക്താവ് പ്രവൃത്തിയെ ന്യായീകരിച്ചു.
ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."