വഖ്ഫ് ബില്‍: മാറ്റങ്ങള്‍ എന്തെന്ന് ഇന്നറിയാം
ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ബില്ലില്‍ വരുത്തിയിരിക്കുന്നതെന്ന് ഇന്നറിയാം. ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലില്‍ മാറ്റങ്ങള്‍ വരുത്തുക. റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനൊപ്പം കരട് ബില്ലുണ്ടായിരുന്നെങ്കിലും അത് തന്നെ സ്വീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല.
സമിതി റിപ്പോര്‍ട്ടില്‍ അസദുദ്ദീന്‍ ഉവൈസി നല്‍കിയ 100ലധികം പേജുള്ള വിയോജനക്കുറിപ്പിലെ 10 പേജോളം ബ്ലാക്കൗട്ട് ചെയ്തതും സമിതിയിലെ കോണ്‍ഗ്രസ് അംഗം സയ്യിദ് നസീര്‍ ഹുസൈന്റെ കുറിപ്പിലെ ഭാഗങ്ങളും നീക്കിയതും വിവാദമായിരുന്നു.
അതോടൊപ്പം വിഷയവുമായി ബന്ധമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി. ആഗസ്തില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിനെക്കാളും അപകടകരമായ വ്യവസ്ഥകളാണ് സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദിഷ്ട കരട് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ചുവര്‍ഷമെങ്കില്‍ പ്രകടമായി ഇസ് ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖഫ് ചെയ്യാന്‍ അധികാരമുള്ളത്. നേരത്തെ മതം മാറി അഞ്ചു വര്‍ഷം എന്നായിരുന്നു ആദ്യ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. അത് മതാനുഷ്ഠാനം പ്രകടമായിരിക്കണമെന്നാക്കി കടുപ്പിച്ചു.
ഇസ്‌ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ നിലനിര്‍ത്തിയെങ്കിലും അത് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രം ബാധകമാക്കി. അതോടൊപ്പം അതില്‍ നിലവില്‍ തര്‍ക്കത്തിലുള്ളവ ഉള്‍പ്പെടില്ല. രാജ്യത്തെ 80 ശതമാനം വഖ്ഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. വഖ്ഫ് ഭൂമിയ്ക്ക് മേല്‍ സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചാല്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണെന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ മാറ്റി അത് സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ നിശ്ചിത സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ല.
വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ് ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും നിലനിര്‍ത്തി. ഇതില്‍ മാറ്റങ്ങളുണ്ടോയെന്നും ബില്‍ ലഭ്യമാകുന്നതോടെ അറിയാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."