'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് ഒരു പ്രാധാന്യവുമില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കിട്ടിയില്ല. ഒരാള്‍ പോലും നല്ല അഭിപ്രായം പറഞ്ഞില്ല. ശ്രദ്ധ കിട്ടാനും വാര്‍ത്തക്കും വേണ്ടിയാണ് വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത്. രാഷ്ട്രീയനേട്ടം കിട്ടാന്‍ വേണ്ടി ഇത്തരം പ്രസ്താവന നടത്തുന്ന ആളുകളുണ്ട്. ഇത് കേരളമാണെന്നും ഉള്ള പിന്തുണ കൂടി പോകുമെന്നും അവര്‍ അറിയുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തരക്കാര്‍ മത്സരിച്ചിട്ട് വളരെ കുറച്ച് വോട്ടാണ് ലഭിച്ചത്. പ്രസ്താവന ഇറക്കിയാല്‍ ഭൂമി കുലുങ്ങുമെന്ന് അവര്‍ കരുതുന്നത്. അത് ചര്‍ച്ചയാക്കുന്ന നമ്മളെ പറഞ്ഞാല്‍ മതി. ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവനയാണെന്നും അദ്ദേഹം തുറന്നടിച്ചു.
മുനമ്പം വിഷയത്തില്‍ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് ക്രൈസ്തവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പത്ത് രാഷ്ട്രീയ മുതലെടുപ്പിന് ഒരു കൂട്ടര്‍ ഇറങ്ങി. മുതലെടുപ്പല്ലാതെ യാതൊരു രാഷ്ട്രീയ പ്രത്യാഘാതവും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അടക്കം മതേതര പാര്‍ട്ടികള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരുമിച്ചാണ് ഭരണം നടത്തിയിട്ടുള്ളത്. ഇനിയും പരാതികള്‍ ഉണ്ടെങ്കില്‍ നേരിട്ട് പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നും വെള്ളാപ്പള്ളി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായം പറയാനോ എന്തിനേറോ വായു സ്വസിക്കാനോ പോലും മലപ്പുറത്ത് കഴിയുന്നല്ലെന്നായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ കണ്ടെത്തല്‍.
''നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം.നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ മറ്റൊരുതരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. പ്രത്യേകിച്ച് ഒരു സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങള്‍ക്ക് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാപനം ഉള്ളത് കൊണ്ടും നിങ്ങള്‍ക്ക് കുറച്ചു പേര്‍ക്കെങ്കിലും വിദ്യാഭ്യാസം ലഭിക്കാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. നിങ്ങള്‍ക്ക് പഠിക്കാന്‍ എല്ലെങ്കല്‍ പഠിപ്പിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. പലഭരണകൂടങ്ങളും വന്നു പോയി. ഈ വന്നവനും പോയവനും എല്ലാം തന്നെ അവരുടെ കുടംബസ്വത്തായി കണക്കാക്കി അവരുടെ കുടംബത്തിലേക്ക് എല്ലാ അധികാരങ്ങളും അവകാശങ്ങളും കൊണ്ടു പോയപ്പോള്‍ ഞഹ്ങളും കുടുംബക്കാരാണ് എന്ന വിചാരത്തോടെ ഈ പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു പൊട്ടുംപൊടിയെങ്കിലും അയ്യപ്പനിരിക്കട്ടെ എന്ന് കണക്കാക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും ഇവിടെ തന്നില്ലല്ലോ. കോളജുണ്ടോ ഇവിടെ നമുക്ക്. ഒരു ഹയര്‍സെക്കണ്ടറി ഉണ്ടോ.എന്തുണ്ട് ഈ മലപ്പുറത്ത് നമുക്ക്. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്‌കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."