തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. പ്രതി അമിത് ഉറാങിനെ സംഭവസ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ, വീടിന് പിന്നിലുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് ലഭിച്ചത്. ഹാർഡ് ഡിസ്ക് തോട്ടിൽ ഉപേക്ഷിച്ചതായി അമിത് ഉറാങ് പൊലീസിനോട് മൊഴി നൽകിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും പൊലീസ് വ്യക്തമാക്കി.
അസം സ്വദേശിയായ അമിത് ഉറാങിനെ തൃശൂർ മാളയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ ഒരു കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ, ഝാർഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളുടെ കൈവശം പത്തിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും ഉണ്ടായിരുന്നു. മൊബൈൽ ഫോണുകൾ മാറ്റി മാറ്റി ഉപയോഗിച്ചിരുന്ന ഇയാൾ, കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൊബൈൽ ഫോണുകൾ അപഹരിച്ചിരുന്നു. ഇതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാത്രി 12.30നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 8.45ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേര്‍ക്കുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."